രണ്ട് വ്യക്തികൾ ലൈംഗീകമായി ബന്ധപ്പെടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അതിൽ എന്താണ് തെറ്റ്?

ലൈംഗീകത ഒരു ദൈവിക ദാനമാണ്. ജീവികളിൽ അതിന്റെ പരമമായ ലക്‌ഷ്യം പ്രത്യുത്പാദനമാണ്. മനുഷ്യരിലാകട്ടെ, പ്രത്യുത്പാദനമെന്ന ലക്ഷ്യത്തോടൊപ്പം തന്നെ അവന്റെ മാനസികാരോഗ്യവും കുടുംബത്തിന്റെ കെട്ടുറപ്പും സാമൂഹികജീവിതത്തിലെ  സമാധാനവുമെല്ലാം ലൈംഗീകതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവീക മാർഗദർശനപ്രകാരമല്ലാതെയുള്ള ലൈംഗീകതയുടെ ഉപയോഗം വ്യക്തിയുടെ മാനസികനിലയെയും കുടുംബഭദ്രതയേയും സാമൂഹികഘടനയെത്തന്നെയും പ്രതികൂലമായി ബാധിക്കും. അതു മാത്രമല്ല, ലൈംഗീക രോഗങ്ങൾക്കും അതുവഴി സമൂഹത്തിന്റെ നിത്യനാശത്തിനുമായിരിക്കും വിവാഹേതര ലൈംഗീകബന്ധങ്ങൾ ഇടവരുത്തുക. ഈ വസ്തുത അനുഭവത്തിൽ നിന്നും പഠിച്ചവരാണല്ലോ ആധുനിക സംസ്ക്കാരത്തിന്റെ വക്താക്കളെന്നവകാശപ്പെടുന്നവർ.
രണ്ട് വ്യക്തികൾ ലൈംഗീകമായി ബന്ധപ്പെടണമെങ്കിൽ വിവാഹം എന്ന കരാറിലൂടെയാകണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതല്ലാതെയുള്ള ബന്ധങ്ങളെല്ലാം നാശം വിതക്കുന്നവയാണ്. അത് സമൂഹത്തിൽ നിലനിൽക്കേണ്ട മൂല്യങ്ങളെയെല്ലാം തകർക്കും. വൈവാഹിക ജീവിതത്തിൽ സംശയത്തിന്റെ വിത്തുകൾ വിതയ്ക്കും. പ്രസ്തുത സംശയങ്ങൾ മനസ്സുകൾ തമ്മിൽ വിടവുകളുണ്ടാക്കും. അത് കുടുംബബന്ധത്തെ ഉലയ്ക്കും. ഭാവി തലമുറയുടെ മാനസിക ആരോഗ്യത്തെപ്പോലും അതു ബാധിക്കും.
പാശ്ചാത്യമൂല്യങ്ങൾ സ്വീകരിച്ചുകൊണ്ട് പുരോഗമിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ഇവ്വിഷയകമായ സ്ഥിതിവിവരക്കണക്കുകൾ ധാർമികബോധമുള്ള ആരെയും ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബിയോടെക്നോളജിയിൽ ഓരോ മാസവും മൂന്നൂറുപേരെങ്കിലും ഡി. എൻ. എ പരിശോധന നടത്തി തങ്ങളുടെ ഭാര്യക്ക് പിറന്ന കുഞ്ഞ് തങ്ങളുടേതുതന്നെയാണോയെന്നു ഉറപ്പിക്കാൻ വേണ്ടി എത്തുന്നുണ്ടത്രേ! (മാതൃഭൂമി ആഴ്ചപ്പതിപ്പ് 31.1.1999). ഇത് കാണിക്കുന്നതെന്താണ് ? പരസ്പ്പരം വിശ്വാസമില്ലാത്ത ഇണകളുടെ എണ്ണം വർദ്ധിച്ചുവരുന്നുവെന്ന്. എന്താണിതിന് കാരണം ? ഉത്തരം 'മാതൃഭൂമി' തന്നെ പറയുന്നുണ്ട് . 'സർവേയിൽ പങ്കെടുത്ത 30 ശതമാനം പുരുഷന്മാരും 18 ശതമാനം സ്ത്രീകളും വിവാഹബാഹ്യബന്ധത്തിൽ ഏർപ്പെടുന്നവരാണ് '. 
സദാചാരമൂല്യങ്ങൾ മുറുകെപ്പിടിക്കുന്നുവെന്നവകാശപ്പെടുന്ന കേരളീയ സമൂഹത്തിന്റെ സ്ഥിതിയാണിത്. പാശ്ചാത്യ സമൂഹങ്ങളിലെ സ്ഥിതിയാകട്ടെ ഇതിലും കഷ്ടമാണ്. ഗർഭിണികളാകുന്ന അവിവാഹിതയും ചെറുപ്രായക്കാരിയുമായ പെൺകുട്ടികളാണ് അവിടുത്തെ ഏറ്റവും വലിയ സാമൂഹികപ്രശ്‌നം. ജാര സന്തതികളാണ് ഗവണ്മെന്റിനെ അലട്ടുന്ന പ്രധാനപ്പെട്ട മറ്റൊരു  പ്രശ്നം. ഇതൊന്നും ഒരു വാർത്തയേ അല്ലെന്ന സ്ഥിതിയാണവിടെ. പക്ഷെ ഇത്തരം സദാചാര ലംഘനങ്ങൾ വഴി കുടുംബമെന്ന സ്ഥാപനം അവിടെ തകർന്നുതരിപ്പണമായിട്ടുണ്ടെന്നും അത് വമ്പിച്ച സാമൂഹികപ്രശ്നങ്ങൾ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് പാശ്ചാത്യലോകത്തിന്റെ സമ്പൂർണ നാശത്തിലാണ് കലാശിക്കുകയെന്നും മുന്നറിയിപ്പ് നല്കിക്കൊണ്ടിരിക്കുകയാണ് സാമൂഹിക ശാസ്ത്രജ്ഞന്മാർ.
ഇസ്‌ലാം വിഭാവനം ചെയ്യുന്ന സമൂഹം ഇത്തരത്തിലുള്ളതല്ല. ശാന്തമായ കുടുംബാന്തരീക്ഷവും സമാധാനപൂർണമായ ദാമ്പത്യവും നിലനിൽക്കുന്ന സമൂഹത്തെ സൃഷ്ട്ടിക്കുവാനാണ് ഇസ്‌ലാം പരിശ്രമിക്കുന്നത്.
അതിന് വിവാഹത്തിന് പുത്തുള്ള സകല ലൈംഗീകബന്ധങ്ങളും നിരോധിക്കപ്പെടണമെന്നാണ് ഇസ്‌ലാം കരുതുന്നത്. അതുകൊണ്ട് അത്തരം ലൈംഗീക ബന്ധങ്ങൾ ഇല്ലാതെയാക്കുവാനാവശ്യമായ ശിക്ഷകളാണ് ഖുർആൻ അനുശാസിക്കുന്നത്. ലൈംഗീകത അതിശക്തമായ ഒരു വികാരമാണെന്നിരിക്കെ അതിൽനിന്ന് മനുഷ്യരെ തടഞ്ഞുനിർത്താൻ ശക്തമായ നടപടികൾ ആവശ്യമാണ്. ഖുർആനിലെ ശിക്ഷകൾ പ്രസക്തമാകുന്നത് ഇവിടെയാണ്.



കടപ്പാട്: ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

Comments

Popular posts from this blog

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

പെണ്ണിനോട് ബാധ്യതകളെക്കുറിച്ചും ആണിനോട് അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവയാണ് ആൺകോയ്മാ (patriarchic) വ്യവസ്ഥിതികൾ. ഖുർആനിലും ഇത് തന്നെയല്ലേ കാണാൻ കഴിയുന്നത് ?