പട്ടിണികൊണ്ട് വലഞ്ഞു കളവുനടത്തിയവന്റെ കരഛേദം വിധിക്കുന്ന ഖുർആൻ അയാളെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തെ വഴിയാധാരമാക്കുകയല്ലേ ചെയ്യുന്നത്?

കളവിനുള്ള ഖുർആനിലെ ശിക്ഷാനിയമത്തിന്റെ ലക്ഷ്യം കുറേ അംഗവൈകല്യമുള്ളവരെ സൃഷ്ടിക്കുകയല്ല, പ്രത്യുത കളവുചെയ്യപ്പെടാത്ത അവസ്ഥ സംജാതമാക്കുകയാണ്. കവർച്ച ഇല്ലാതെയാകണമെങ്കിൽ ആദ്യം പാവപ്പെട്ടവന്റെ പട്ടിണിക്ക് പരിഹാരം കാണണമെന്ന് അറിയാവുന്ന സൃഷ്ടാവാണ് ഖുർആൻ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പട്ടിണിക്കുള്ള പരിഹാര നിർദ്ദേശങ്ങൾ നൽകിയ ശേഷമാണ് ഖുർആൻ ശിക്ഷാനിയമങ്ങളെക്കുറിച്ചു പരാമർശിക്കുന്നതുതന്നെ.
ഇസ്‌ലാമിലെ സക്കാത്ത് വ്യവസ്ഥ പാവപ്പെട്ടവരുടെ പ്രയാസങ്ങൾ പരിഹരിക്കുവാൻ വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. സമ്പത്തിന്റെ ഒരു നിശ്ചിത വിഹിതം പണക്കാരനിൽനിന്നും പിടിച്ചെടുത്ത് അതിന്റെ അവകാശികൾക്ക്‌ വിതരണം ചെയ്യണമെന്നാണ് ഇസ്‌ലാമിന്റെ അനുശാസന. സക്കാത്ത് പണക്കാരന്റെ ഔദാര്യമല്ല, പ്രത്യുത പാവപ്പെട്ടവന്റെ അവകാശമാണ് എന്നാണ് പ്രവാചകൻ(സ) പഠിപ്പിച്ചിരിക്കുന്നത്. ഇസ്‌ലാമിലെ സക്കാത്ത് സമ്പ്രദായം ഫലപ്രദമായി നടപ്പാക്കിയാൽതന്നെ സമൂഹത്തിലെ പാവപ്പെട്ടവരുടെ അടിസ്ഥാനാവശ്യങ്ങൾ നിർവഹിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ചരിത്രം നൽകുന്ന പാഠമതാണ്. സകാത്ത് വ്യവസ്ഥ യഥാക്രമം പ്രയോഗവത്ക്കരിച്ചിരുന്ന സമൂഹങ്ങളിൽ ദാനധർമങ്ങൾ വാങ്ങുവാൻ ആരുമില്ലാത്ത അവസ്ഥ സംജാതമായിരുന്നുവെന്നതിന് ഇസ്‌ലാമിക ചരിത്രം നിരവധി ഉദാഹരണങ്ങൾ നിരത്തുന്നുണ്ട്. സകാത്ത് വ്യവസ്ഥ നടപ്പാക്കിയിട്ടും പാവപ്പെട്ടവന്റെ പട്ടിണി പരിഹരിക്കുവാനായില്ലെങ്കിൽ അതിനു മറ്റു മാർഗങ്ങൾ കണ്ടെത്തുവാൻ രാഷ്‌ട്രം ബാധ്യസ്ഥമാണെന്നതാണ് ഇസ്‌ലാമിന്റെ വീക്ഷണം. 'അയൽവാസി പട്ടിണികിടക്കുമ്പോൾ വയറുനിറച്ചുണ്ണുന്നവർ നമ്മിൽപെട്ടവരല്ല' എന്ന് പഠിപ്പിച്ച പ്രവാചകന്റെ ജീവിതക്രമത്തെ ആധാരമാക്കി നടക്കുന്ന ഇസ്‌ലാമിക രാഷ്ട്രത്തിൽ പട്ടിണിക്കുള്ള പരിഹാരം കാണുവാൻ ഭരണാധികാരിക്ക് ബാധ്യതയുണ്ട്.
ഇങ്ങനെ, പട്ടിണി നിർമാർജനം ചെയ്യാനാവശ്യമായ നിയമങ്ങൾ ആവിഷ്‌ക്കരിക്കുകയും അത് നടപ്പാക്കി ലോകത്തിനു മാതൃകയാവുകയും ചെയ്ത മതം ഇസ്‌ലാം മാത്രമാണ്. അങ്ങനെ കുറ്റം ചെയ്യൽ അനിവാര്യമാക്കിത്തീർക്കുന്ന സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്തതിന് ശേഷമാണ് ശിക്ഷാനിയമങ്ങളെപ്പറ്റി ഇസ്‌ലാം സംസാരിക്കുന്നത്. തൊഴിലില്ലായ്മയും ദാരിദ്രവും നടമാടുന്ന ഒരു സമൂഹത്തിലല്ല ഇസ്‌ലാം ശിക്ഷാനിയമങ്ങൾ നടപ്പാക്കാൻ ആവശ്യപ്പെടുന്നത്. ആഹാരത്തിനോ അടിസ്ഥാനാവശ്യങ്ങൾക്കോ വേണ്ടി മോഷണമോ കൊള്ളയോ നടത്തേണ്ടതില്ലാത്ത സാഹചര്യം സൃഷ്ടിച്ചതിനു ശേഷവും ജനങ്ങളുടെ സ്വൈര്യജീവിതത്തെ തടസ്സപ്പെടുത്തുന്ന മോഷ്ടാക്കളുണ്ടെങ്കിൽ അവരുടെ കരം ഛേദിക്കണമെന്നു തന്നെയാണ് ഇസ്‌ലാമിന്റെ അനുശാസന.
ഇന്ന് ഇന്ത്യയിൽ നടക്കുന്ന കൊള്ളകൾ മാത്രം നോക്കുക. അവ പട്ടിണി മാറുന്നതിനു വേണ്ടിയുള്ളതാണോ? ഇന്ത്യയിൽ നടക്കുന്ന കവർച്ചകളിൽ തൊണ്ണൂറ്റിഒൻപത് ശതമാനവും സുഖിക്കാൻ വേണ്ടിയുള്ള യുവാക്കളുടെ എളുപ്പമാർഗമാണെന്നതാണത്രേ യാഥാർഥ്യം. പുതിയ കാറുകളും ആഡംബര ഹോട്ടലുകളിലെ താമസവും കാമുകിമാരുടെ നീണ്ട നിരയും നേടിയെടുക്കുന്നതിന് വേണ്ടി കൊള്ളയും കൊലയും നടത്തുന്നവർ. അവരിൽ കുറ്റം തെളിയിക്കപ്പെടുന്ന കുറച്ചുപേരുടെ കരം ഛേദിക്കാൻ സന്നദ്ധമായാൽ നടക്കുന്ന കുറ്റങ്ങളുടെ തൊണ്ണൂറ് ശതമാനവും ഇല്ലാതെയാകുമെന്നുറപ്പാണ്. അതിനു നാം തയ്യാറാകുമോ എന്നതാണ് പ്രശ്നം.
ഇസ്‌ലാമിക രാഷ്ട്രത്തിൽ തന്നെ ചിലപ്പോൾ ക്ഷാമവും വറുതിയുമുണ്ടാകാം. അത്തരം അവസരങ്ങളിൽ പട്ടിണി മാറ്റുന്നതിന് വേണ്ടി ഒരാൾ മോഷ്ടിച്ചാൽ അയാളുടെ കരം ഛേദിക്കുവാൻ ഇസ്‌ലാം കൽപ്പിക്കുന്നില്ല. ഖലീഫ ഉമറി(റ)ന്റെ ഭരണകാലത്ത്, രാജ്യത്ത് ക്ഷാമം പടർന്നുപിടിച്ച സമയത്ത് ഒരു മോഷ്ടാവിനെ പിടികൂടിയപ്പോൾ പട്ടിണിമൂലം മോഷണത്തിന് അയാൾ നിർബന്ധിതനായതായിരിക്കാമെന്ന സംശയത്തിന്റെ ആനുകൂല്യം നൽകി അയാളെ വെറുതെവിടുകയുണ്ടായി. കുറ്റവാളികളെ ഇല്ലാതെയാക്കുക എന്ന ലക്ഷ്യത്തോടെ ശിക്ഷാവിധികൾ വിധിക്കുകയും അത് പ്രായോഗികമാണെന്ന് തെളിയിക്കുകയും ചെയ്ത ഇസ്‌ലാമിന്റെ മാനവിക മുഖമാണ് ഇവിടെയും നമുക്ക് കാണാൻ കഴിയുന്നത്.




കടപ്പാട് : ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

Comments

Popular posts from this blog

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

പെണ്ണിനോട് ബാധ്യതകളെക്കുറിച്ചും ആണിനോട് അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവയാണ് ആൺകോയ്മാ (patriarchic) വ്യവസ്ഥിതികൾ. ഖുർആനിലും ഇത് തന്നെയല്ലേ കാണാൻ കഴിയുന്നത് ?