വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?
കുറ്റവാളികൾ അല്ലാത്തവർ ഒരിക്കലും ശിക്ഷിക്കപ്പെട്ടുകൂടാ എന്നതാണ് ഇസ്‌ലാമിക ശിക്ഷാനിയമങ്ങളുടെ ഒരു അടിസ്ഥാന തത്വം. അതു കൊണ്ട് തന്നെ സംശുദ്ധമായ ജീവിതം നയിക്കുന്നവരെ ആരോപണങ്ങളുന്നയിച്ചു അപകീർത്തിപ്പെടുത്തുവാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. അത്തരം ആരോപണങ്ങളുന്നയിക്കുന്നവർ നാല് സാക്ഷികളെ ഹാജരാക്കുവാൻ സന്നദ്ധരാവണം. അല്ലാത്ത പക്ഷം ആരോപണങ്ങളുന്നയിക്കുന്നവരല്ല പ്രത്യുത ആരോപിക്കുന്നവനാണ് ശിക്ഷിക്കപ്പെടുക. വ്യഭിചാരാരോപണമുന്നയിക്കുന്നവർക്കുള്ള ശിക്ഷയെപ്പറ്റി ഖുർആൻ വ്യക്തമാക്കുന്നതിങ്ങനെയാണ്: "ചാരിത്രവതികളുടെ മേൽ (വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട് നാല് സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ എൺപത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങൾ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവർ തന്നെയാണ് അധർമകാരികൾ" (ഖുർആൻ 24:4).
പതിവ്രതകളെപ്പറ്റി ആരോപണങ്ങൾ പറഞ്ഞുണ്ടാക്കുക ചിലരുടെ ഹോബിയാണ്. അത്തരം ആളുകൾ സമൂഹത്തിൽ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ ചില്ലറയൊന്നുമല്ല. എൺപത്തടി കിട്ടുമെന്ന് വന്നാൽ ആരും അത്തരം ദുരാരോപണങ്ങളുമായി നടക്കുകയില്ല. നാല് സാക്ഷികളില്ലാതെ വ്യഭിചാരാരോപണം ഉന്നയിക്കുവാൻ ആരും മുതിരുകയില്ല. ആരോപണങ്ങൾ പുകഞ്ഞു നാലാളുടെ മുന്നിൽ നടക്കാൻ വയ്യാതെയായ എത്രയെത്രപേർ നമ്മുടെ സമൂഹത്തിലുണ്ട്. നമ്മുടെ മീഡിയകൾ സർക്കുലേഷൻ വർദ്ധിപ്പിക്കുന്നത് ഇത്തരം ഗോസിപ്പുകൾ ഉപയോഗിച്ചുകൊണ്ടാണല്ലോ. ഇത്തരം ദുഷ്പ്രവർത്തനങ്ങളെല്ലാം ഇസ്‌ലാമികസമൂഹത്തിന് അന്യമായിരിക്കും. മാന്യന്മാരെ അകാരണമായി ആരോപണങ്ങളിൽ മുക്കിക്കൊല്ലുന്ന അവസ്ഥ ആസമൂഹത്തിൽ നിലനിൽക്കുകയില്ല. ആരെങ്കിലും അതിന് മുതിർന്നാൽ അവരെ പരസ്യമായി എൺപത് അടി അടിക്കണമെന്നാണ് ഖുർആനിന്റെ അനുശാസന.
വ്യഭിചാരത്തിന് ഇസ്‌ലാം നിശ്ചയിച്ച ശിക്ഷകൾ കഠിനമാണ്. വിവാഹിതരെങ്കിൽ കല്ലെറിഞ്ഞു കൊല്ലുക! അവിവാഹിതരെങ്കിൽ പരസ്യമായി നൂറടി! ഇത്തരം ശിക്ഷകൾ വിധിച്ച ഇസ്‌ലാം അതോടൊപ്പം തന്നെ നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കുവാൻ ആവശ്യമായ നിയമങ്ങൾ കൂടി ആവിഷ്‌കരിച്ചിട്ടുണ്ട്. നാല് ദൃക്‌സാക്ഷികൾ ഉണ്ടെങ്കിൽ മാത്രമേ ഒരാൾ മറ്റൊരാളുടെ പേരിൽ വ്യഭിചാരാരോപണമുന്നയിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ ആരോപണമുന്നയിച്ചവർ കുടുങ്ങും. അവർക്ക് എൺപത് അടി വീതം ലഭിക്കും. കള്ളസാക്ഷ്യത്തിനുള്ള സാധ്യത ഇവിടെ തീരെ വിരളമാണ്. ഒരുപാടുപേർ കണ്ടുവെന്ന് ഉറപ്പുണ്ടായാൽ മാത്രമേ ഒരാൾ ഇത്തരം ആരോപണം ഉന്നയിക്കാൻ മുതിരുകയുള്ളൂ. അതുകൊണ്ടുതന്നെ നിരപരാധി ശിക്ഷിക്കപെടുവാൻ ഉള്ള സാധ്യത തീരെയില്ലെന്ന് തന്നെ പറയാം.
കടപ്പാട് : ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.
കടപ്പാട് : ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.
Comments
Post a Comment