ഖുർആനിലെ ശിക്ഷാനിയമങ്ങൾ ഏത് തരത്തിലുള്ളവയാണ്? വ്യക്തികേന്ദ്രീകൃതമോ, സമൂഹകേന്ദ്രീകൃതമോ?

വ്യക്തി, സമൂഹം തുടങ്ങിയ അമൂർത്ത സങ്കൽപ്പങ്ങളെ ഖുർആൻ നോക്കിക്കാണുന്നത് ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ വീക്ഷണത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ്. അത് അതിന്റെ ശിക്ഷാനിയമങ്ങളിലും പ്രകടമാണ്.
ജനിച്ചുവളർന്ന പ്രത്യേക ചുറ്റുപാടുകളുടെയും സാഹചര്യങ്ങളുടെയും സ്വാധീനവലയത്തിൽ നിന്നും മോചിതനാകുവാൻ കഴിയാത്ത ഒരു കളിപ്പാവ മാത്രമായി മനുഷ്യനെ കാണുന്ന ഫ്രോയിഡിയൻ ചിന്താ രീതിയുമായി ഇസ്‌ലാം പൊരുത്തപ്പെടുന്നില്ല. സമൂഹത്തിലെ സാമ്പത്തിക മാറ്റം മാത്രമാണ് വ്യക്തിയിലെ അഹംബോധത്തെയും മൂല്യങ്ങളെയുമെല്ലാം നിശ്ചയിക്കുന്നത് എന്ന മാർക്സിയൻ വീക്ഷണവും ഇസ്‌ലാമിന് അന്യമാണ്. സ്വതന്ത്രമായി ജനിച്ചവരെ സ്വതന്ത്രമായി തന്നെ ജീവിക്കുവാൻ അനുവദിക്കുന്നതിലൂടെയാണ് അവരുടെ വ്യക്തിത്വത്തിന്റെ പൂർണമായ പ്രകാശനം സാധ്യമാകുകയെന്ന മുതലാളിത്തത്തിന്റെ കാഴ്ചപ്പാടിനെയും ഇസ്‌ലാം നിരാകരിക്കുന്നു. 
സമ്പത്തും സാഹചര്യങ്ങളും ചുറ്റുപാടുകളുമെല്ലാം മനുഷ്യരുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുവെന്ന വസ്തുത ഇസ്ലാം അംഗീകരിക്കുന്നു. എന്നാൽ വ്യക്തിയെ സൃഷ്ടിക്കുന്നത് അതൊന്നുമല്ല. വ്യക്തിയിലെ അഹംബോധത്തെ സൃഷ്ടിക്കുന്നതും സാഹചര്യങ്ങൾക്കൊത്തു തന്റെ നിലപാട് എന്താണെന്ന് തീരുമാനിക്കുവാൻ അവനെ പ്രാപ്തനാക്കുന്നതും അവന്റെ മാത്രം സവിശേഷമായ ആത്മാവാണ്. മനുഷ്യന് മാത്രം നൽകപ്പെട്ട ദൈവീക ദാനമാണത്. നന്മയെയും തിന്മയെയും വ്യവഛേദിച്ചു മനസ്സിലാക്കുന്നതിനും തിരഞ്ഞെടുക്കുന്നതിനും അവന് കഴിവ് നൽകുന്നതും ഈ ആത്മാവത്രെ.
വ്യക്തികളാണ് സമൂഹത്തെ സൃഷ്ടിക്കുന്നത്. വ്യക്തിയെ വിമലീകരിക്കുന്നതു ദൈവിക നിയമങ്ങളാണ്. ധാർമിക നിയമങ്ങൾ അനുസരിക്കുന്ന വ്യക്തികളുൾക്കൊള്ളുന്ന സമൂഹം സമാധാനപൂർണ്ണവും നന്മ ഉൾക്കൊള്ളുന്നതുമായിരിക്കുമെന്നുറപ്പാണ്. ഈ നിയമങ്ങൾ സ്വമേധേയാ അനുസരിക്കുകയാണ് വ്യക്തി ചെയ്യേണ്ടത്. അതുവഴിമാത്രമേ ആത്മസംസ്ക്കരണം സാധ്യമാകൂ. എന്നാൽ ഏതൊരു സമൂഹത്തിലും ധാർമിക നിയമങ്ങളിൽ നിന്നും വ്യതിചലിക്കുവാൻ ശ്രമിക്കുന്ന ചിലരെങ്കിലുമുണ്ടാകും.വരെ തടഞ്ഞു നിർത്തിയിട്ടില്ലെങ്കിൽ സമൂഹത്തിൽ തിന്മകൾ വ്യാപിക്കുന്നതിനും അതുവഴി അരാജകത്വത്തിനും നിമിത്തമാവും. ഇങ്ങനെ തിന്മകൾ വ്യാപിക്കുന്നതിനെ തടഞ്ഞുനിർത്തുന്നതിനായുള്ളതാണ് ശിക്ഷാനിയമങ്ങൾ.
വ്യക്തിയെയും സമൂഹത്തെയും പരിശുദ്ധമായി നിലനിർത്തുകയാണ് ഖുർആനിലെ ശിക്ഷാനിയമങ്ങളുടെ ലക്ഷ്യം. വ്യക്തിയെ സമൂഹത്തിനു വേണ്ടിയോ സമൂഹത്തെ വ്യക്തിക്ക് വേണ്ടിയോ ബലികൊടുക്കണമെന്ന വീക്ഷണം ഇസ്‌ലാം ഉൾക്കൊള്ളുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ സമൂഹത്തിന്റെ നേരിയ കൈകടത്തൽപോലും അക്ഷന്തവ്യമായിക്കരുതുന്ന മുതലാളിത്ത വീക്ഷണവും സമൂഹത്തിനുവേണ്ടി വ്യക്തിയുടെ സഹജവികാരങ്ങളെപ്പോലും ബലിനൽകേണ്ടതുണ്ടെന്ന കമ്മ്യൂണിസ്റ്റ് വീക്ഷണവും ഇസ്‌ലാമിന് അന്യമാണ്. വ്യക്തിയും സമൂഹവും തമ്മിൽ നിലനിൽക്കേണ്ടത് സംഘട്ടനാത്മകമായ ബന്ധമില്ലെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. അവയെ ഉദ്ഗ്രഥമാക്കുന്നത് മൂല്യങ്ങളാണ്. ഈ മൂല്യങ്ങളെ സംരക്ഷിക്കുന്നത് വഴി വ്യക്തിയെയും സമൂഹത്തെയും വിമലീകരിക്കുകയാണ് ഖുർആനിലെ ശിക്ഷാനിയമങ്ങൾ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവ വ്യക്തികേന്ദ്രീകൃതമോ സമൂഹകേന്ദ്രീകൃതമോ അല്ല, പ്രത്യുത മൂല്യകേന്ദ്രീകൃതമാണ് എന്ന് പറയുന്നതാവും ശരി.





കടപ്പാട് : ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

Comments

Popular posts from this blog

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

പെണ്ണിനോട് ബാധ്യതകളെക്കുറിച്ചും ആണിനോട് അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവയാണ് ആൺകോയ്മാ (patriarchic) വ്യവസ്ഥിതികൾ. ഖുർആനിലും ഇത് തന്നെയല്ലേ കാണാൻ കഴിയുന്നത് ?