ഏത് തരം മൂല്യങ്ങളുടെ അടിത്തറയിലാണ് ഖുർആനിക ശിക്ഷാ നിയമങ്ങൾ സ്ഥാപിതമായിരിക്കുന്നത്?

വ്യക്തിക്കും സമൂഹത്തിനും സമാധാനം പ്രദാനം ചെയ്യുകയാണ് ഖുർആനിക ശിക്ഷാനിയമങ്ങളുടെ ലക്‌ഷ്യം. വ്യക്തികൾക്ക് ചില അവകാശങ്ങളുണ്ട്. ഈ അവകാശങ്ങൾ അന്യോന്യം അനുവദിച്ചുകൊടുക്കുക വഴിയാണ് സാമൂഹികമായ ഉദ്ഗ്രഥനം സാധ്യമാകുന്നത്. ഒരാളുടെയും അവകാശങ്ങൾ ഹനിക്കുവാൻ മറ്റൊരാളെയും അനുവദിച്ചുകൂടാ. ആരുടെയെങ്കിലും അവകാശങ്ങൾ ഹനിക്കപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതും ഉണ്ടെങ്കിൽ അത് ഇല്ലാതെയാക്കേണ്ടതും രാഷ്‌ട്രത്തിന്റെ ബാധ്യതയാണ്. അതിനുവേണ്ടിയാണ് ശിക്ഷാനിയമങ്ങൾ നടപ്പിലാക്കുന്നത്. നേരായ മാർഗ്ഗത്തിലൂടെ ചലിക്കുവാൻ വ്യക്തിയെ പ്രചോദിപ്പിക്കുകയാണ് ഖുർആനിലെ ശിക്ഷാനിയമങ്ങളുടെ ലക്‌ഷ്യം.
സംരക്ഷിക്കപ്പെടേണ്ട പ്രധാനപ്പെട്ട ചില മൂല്യങ്ങളുണ്ടെന്നാണ് ഇസ്‌ലാമിക വീക്ഷണം. വിശ്വാസം, യുക്തിയും ബുദ്ധിയും, അഭിമാനം, ജീവൻ, സ്വത്ത്, കുടുംബത്തിന്റെ കെട്ടുറപ്പ്, സദാചാര മൂല്യങ്ങൾ, സമൂഹത്തിന്റെ ഭദ്രത ഇവയെല്ലാം സംരക്ഷിക്കപ്പെടേണ്ടവയാണ്. ഇവ തകർക്കുവാൻ ആരെയും അനുവദിച്ചുകൂടാ. ആരെയും എന്നതുകൊണ്ട് അന്യനെ മാത്രമല്ല അർത്ഥമാക്കുന്നത്; സ്വന്തത്തെക്കൂടിയാണ്. സ്വന്തം ജീവൻ വെടിയാൻ ആഗ്രഹിച്ചുകൊണ്ട് ആത്മഹത്യക്കു ശ്രമിച്ചവനും സ്വന്തം മാനം തകർത്തുകൊണ്ട് വ്യഭിചാരവൃത്തിയിലേർപ്പെട്ടവനും സ്വന്തം ബുദ്ധിയെ നശിപ്പിച്ചുകൊണ്ടു മദ്യപാനം ചെയ്യുന്നവനുമെല്ലാം കുറ്റവാളിയാകുന്നത് ഇതുകൊണ്ടാണ്.
സ്വന്തത്തെയോ അന്യനെയോ ഭയപ്പെടാതെ എല്ലാവർക്കും ജീവിക്കുവാൻ സാധിക്കുന്ന ഒരു സമൂഹമാണ് ഇസ്‌ലാമിക ശിക്ഷാനിയമങ്ങളുടെ ഉദ്ദേശ്യം. അത്തരമൊരു സമൂഹത്തിൽ മാത്രമേ ശാന്തിയും സമാധാനവും നിലനിൽക്കൂ. എല്ലാവർക്കും വളരുവാനും വികസിക്കുവാനും സാധിക്കുന്ന, മാനവികതയിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് ഖുർആനിലെ ശിക്ഷാനിയമങ്ങൾ ലക്ഷ്യമാക്കുന്നത്.




കടപ്പാട് : ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

Comments

Popular posts from this blog

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

പെണ്ണിനോട് ബാധ്യതകളെക്കുറിച്ചും ആണിനോട് അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവയാണ് ആൺകോയ്മാ (patriarchic) വ്യവസ്ഥിതികൾ. ഖുർആനിലും ഇത് തന്നെയല്ലേ കാണാൻ കഴിയുന്നത് ?