അപരിഷ്‌കൃതമെന്നു ആധുനിക ക്രിമിനോളജിസ്റ്റുകൾ വിധിച്ചിരിക്കുന്ന കൊലക്കു കൊലയെന്ന നിയമം ഖുർആനിൽ പറഞ്ഞതുകൊണ്ടുമാത്രം ന്യായീകരിക്കുന്നതിൽ എന്തർഥമാണുള്ളത്?

അകാരണമായി കൊല്ലപ്പെടുന്നവന്റെ പ്രയാസങ്ങളോ പ്രസ്തുത കൊല മൂലം അനാഥമാകുന്ന കുടുംബത്തിന്റെ പ്രശ്നങ്ങളോ സമൂഹത്തിലുണ്ടാകുന്ന വിടവോ ഒന്നും പരിഗണിക്കാതെ കൊലയാളിയിൽ കാരുണ്യവർഷം നടത്തുകയും അവനെ സംസ്ക്കരിക്കുവാൻ സാധിക്കുമെന്ന മിഥ്യാബോധത്തിന്റെ അടിത്തറയിൽ സിദ്ധാന്തങ്ങൾ മെനയുകയും ചെയ്യുന്നവർക്ക് ഖുർആനിലെ നിയമങ്ങൾ അപ്രായോഗികവും അപരിഷ്‌കൃതവുമായി തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ, അനുഭവങ്ങൾ കാണിക്കുന്നത്, ഇവരുടെ ഗവേഷണ ഫലത്തിന് എതിരായ വസ്തുതകളാണെന്ന സത്യം നാം മനസ്സിലാക്കണം.

കൊലക്കുറ്റത്തിന് ആധുനിക കോടതികൾ വിധിക്കുന്നത് പരമാവധി ജീവപര്യന്തം തടവാണ്. ഏതാനും വർഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ജയിൽവാസമായിട്ടാണ് ജീവപര്യന്തത്തടവ് മാറാറുള്ളത്. ഇത് തന്നെ ശിക്ഷിക്കപ്പെടാറുള്ളവർക്ക് മാത്രം. പണവും സ്വാധീനവുമുള്ളവർ എത്ര പേരെ കൊന്നാലും സുഖമായി രക്ഷപ്പെടുന്നുവെന്ന വസ്തുതയാണല്ലോ നാം ദിനേന അറിഞ്ഞുകൊണ്ടിരിക്കുന്നത്.

ആരെ കൊന്നാലും ഒന്നുമുണ്ടാകാൻ പോകുന്നില്ലെന്ന സ്ഥിതിയുടെ പരിണിത ഫലമെന്താണ്? കൊലപാതക കുറ്റങ്ങളുടെ അഭൂതപൂർവമായ വളർച്ച! കൊലപാതകകുറ്റങ്ങൾ ചെയ്യാൻ യുവാക്കൾ കൂടുതൽ കൂടുതൽ തയാറാകുന്ന അവസ്ഥ! ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിൽ നടന്ന പൈശാചിക കൊലപാതകങ്ങളിൽ തൊണ്ണൂറ്റിമൂന്ന് ശതമാനവും ഈ രംഗത്തെ പുതുമുഖങ്ങളായ യുവാക്കൾ ചെയ്തതായിരുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. പണത്തിനും സുഖസൗകര്യങ്ങൾക്കും വേണ്ടി ആരെയും കൊല്ലാൻ മടിയില്ലാത്ത ഒരു തലമുറ വളർന്നുകൊണ്ടിരിക്കുന്നു. ഇരുപത്തിനാലുകാരായ ശ്യാമിന്റെയും രവിയുടെയും കഥ നോക്കുക: ഇരുപത്തിനാല് വയസ്സ് പ്രായമുള്ള രവിയും ശ്യാമും മോട്ടോർ ബൈക്കിൽ നഗരം (ബാംഗ്ലൂർ) ചുറ്റുന്നു. ഒഴിഞ്ഞ ഇരുണ്ട തെരുവുകളിൽ ഒറ്റക്ക് ഇരുചക്രവാഹനം ഓടിച്ചുപോകുന്ന സ്ത്രീകളെയാണ് അവർ ലക്‌ഷ്യം വെക്കുന്നത്. ഒൻപതു മാസങ്ങൾക്കുള്ളിൽ ഇരുപത്തിമൂന്ന് പേരെ ഇങ്ങനെ കൊലപ്പെടുത്തിയിട്ടുള്ള അവർക്ക് പലപ്പോഴും അൻപത് രൂപയൊക്കെയായിരിക്കും ലഭിക്കുക (courtesy: India today 20.1.1999). അൻപത് രൂപക്കുവേണ്ടി ഒരു ജീവൻ നഷ്ട്ടപ്പെടുത്തുവാൻ യാതൊരു വൈമനസ്യവുമില്ലാത്ത യുവാക്കൾ!

പണത്തിൽ മുങ്ങിക്കുളിച്ച സഞ്ജീവ് നന്ദിയുടെ കഥ മറ്റൊന്നാണ്: അമേരിക്കയിലെ മികച്ച ബിസിനസ് സ്കൂളിലൊന്നിൽ അയച്ച് മാതാപിതാക്കൾ അവനെ പഠിപ്പിച്ചു. അറുപത് ലക്ഷം രൂപ വിലവരുന്ന ബി.എം.ഡബ്ലിയു ഏഴാം പരമ്പരയിൽപെട്ട കാർ ഇന്ത്യയിൽ അവധിക്കാലം ചെലവഴിക്കുമ്പോൾ ഉപയോഗിക്കാനായി അവർ അവനു മാത്രമായി നൽകി. ഇങ്ങനെ എല്ലാവിധ സുഖസൗകര്യങ്ങളുണ്ടായിട്ടും ആ ജീവിതം തകർക്കാൻ നന്ദി എന്തേ വഴിയൊരുക്കി? എന്തുകൊണ്ടാണ് മദ്യലഹരിയിൽ തന്റെ ബി എം ഡബ്ലിയു ഇടിച്ചു അഞ്ചുപേരെ കൊന്ന ശേഷം നിർത്താതെ ഓടിച്ചുപോയതു? പരിക്കേറ്റവരെ സഹായിക്കാനായി ഒരു നിമിഷം നിർത്തുകപോലും ചെയ്യാതെ കാറുമായി തന്റെ സുഹൃത്തിന്റെ വസതിയിലെത്തി, കാറിലെ തെളിവുകളെല്ലാം എന്തിനാണ് അയാൾ കഴുകിക്കളഞ്ഞത്? (ഇന്ത്യ ടുഡേ 21.1.1999). അഞ്ച് നിരപരാധികളെ കൊന്ന് കാറുമായി കടന്നുപോകുവാൻ യാതൊരു മടിയുമില്ലാത്ത തലമുറ!

സുഖത്തിലേക്കുള്ള തങ്ങളുടെ പ്രയാണത്തിൽ കാറിന്റെ ചക്രങ്ങൾക്കിടയിൽ കിടന്ന് ചതഞ്ഞരഞ്ഞവരുടെ നേർക്ക് ഒന്ന് ദയയോടുകൂടി നോക്കുവാൻ പോലും തയ്യാറാവാത്ത യുവാക്കൾ!
കുറ്റവാളികളെ ജയിലിലടച്ചു സംസ്‌ക്കരിച്ചു കളയാമെന്ന ക്രിമിനോളജിസ്റ്റ് വാദത്തിനെതിരെയുള്ള ജീവിക്കുന്ന തെളിവുകളാണിവ!
കൂടുതൽ പേരെ കുറ്റവാളികളാക്കുവാൻ മാത്രമേ കുറ്റവാളികളോടുള്ള ദാക്ഷിണ്യത്തോടുകൂടിയുള്ള പെരുമാറ്റം നിമിത്തമാവുകയുള്ളൂ. കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനാവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും എന്നിട്ട് കുറ്റം ചെയ്യാൻ വാസന പ്രകടിപ്പിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്‌താൽ മാത്രമേ സമാധാനപൂർണമായ സാമൂഹിക ജീവിതം സാധ്യമാകൂ എന്ന വസ്തുത കണക്കിലെടുത്തുകൊണ്ടാണ് കൊലക്കുറ്റത്തിന് കൊലയെന്ന ശിക്ഷ ഖുർആൻ നിർദേശിക്കുന്നത്.

"സത്യവിശ്വാസികളേ, കൊലചെയ്യുന്നവരുടെ കാര്യത്തിൽ തുല്യ ശിക്ഷ നടപ്പാക്കുകയെന്നത് നിങ്ങൾക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രന് പകരം സ്വതന്ത്രനും അടിമക്ക് പകരം അടിമയും സ്ത്രീക്ക് പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്)" (ഖുർആൻ 2:178).

ഗോത്ര വഴക്കുകൾ കാരണം പരസ്‌പരം രക്തം ചിന്തിക്കൊണ്ടിരുന്ന അറേബ്യൻ സമൂഹത്തിൽ നിലവിലുണ്ടായിരുന്ന അതിക്രൂരമായ പ്രതികാര നടപടികളുടെ കടയ്ക്ക് കത്തിവെച്ചുകൊണ്ടാണ് ഈ സൂക്തം അവതരിപ്പിക്കപ്പെട്ടത്. ഒരു ഗോത്രത്തിൽ നിന്ന് ആരെങ്കിലും വധിക്കപ്പെട്ടാൽ പകരം കൊന്നവനെ കൊല്ലുകയെന്ന സമ്പ്രദായമായിരുന്നില്ല അവിടെ നിലനിന്നിരുന്നത്. പ്രത്യുത കൊല്ലപ്പെട്ട വ്യക്തിക്ക് എത്ര വിലമതിച്ചിരുന്നുവോ അത് കണക്കാക്കി അതിന് പകരമായി ഘാതകനെ ഗോത്രത്തിൽ നിന്ന് ആളുകളെ കൊന്നൊടുക്കുകയായിരുന്നു അവരുടെ രീതി. ഒരാൾക്ക് പകരം പത്തും നൂറും ആളുകളെ കൊന്നൊടുക്കുവാൻ അവർക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. തിരിച്ചും ഇതുതന്നെയായിരുന്നു അവസ്ഥ. ഒരു ഉന്നതൻ മറ്റൊരു ഗോത്രത്തിലെ നിസ്സാരനെ വധിച്ചാൽ കൊന്നവനെ കൊല്ലുകയെന്ന നിയമം നടപ്പാക്കാൻ അവർക്ക് വൈമനസ്യമായിരുന്നു. 'ഒരു പാവപ്പെട്ടവന് പകരം ഉന്നതനോ?' എന്നായിരുന്നു അവരുടെ ചോദ്യം. ഈ സമ്പ്രദായങ്ങൾക്ക് അറുതി വരുത്തിയ ഖുർആൻ, പ്രതിക്രിയ നടപ്പാക്കേണ്ടത് പ്രതിയുടെ മേൽ മാത്രമാണെന്നു വ്യക്തമാക്കുകയാണ് ഉദ്ധരിക്കപ്പെട്ട സൂക്തത്തിൽ ചെയ്യുന്നത്.

മനുഷ്യജീവന് ഉന്നതമായ വിലയാണ് ഇസ്‌ലാം കൽപ്പിക്കുന്നത്. ഗോത്ര വഴക്കിന്റെയോ വിരോധത്തിന്റെയോ പ്രതികാരത്തിന്റെയോ പേരിൽ നശിപ്പിക്കപ്പെടാനുള്ളതല്ല ഒരാളുടെ ജീവൻ. ഖുർആൻ വ്യക്തമാക്കുന്നു: " മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാൽ, അത് മനുഷ്യരെ മുഴുവൻ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവൻ വല്ലവനും രക്ഷിച്ചാൽ അത് മനുഷ്യരുടെ മുഴുവൻ ജീവൻ രക്ഷിച്ചതിന് തുല്യമാകുന്നു" (5:32).

എന്നാൽ, വധശിക്ഷ ശരിയല്ലെന്ന വാദം അടിസ്ഥാന രഹിതമാണ്‌. കൊലക്കുറ്റത്തിന് പ്രതികാരം ചെയ്യാൻ സന്നദ്ധമല്ലാത്ത ഒരു സമൂഹത്തിൽ കൊലപാതകങ്ങളുടെ പരമ്പരകളുണ്ടാവും. ആർക്കും ഭയരഹിതമായി ജീവിക്കുവാൻ സാധ്യമല്ലാത്ത അവസ്ഥ സംജാതമാകും. അതുകൊണ്ടുതന്നെ ഖുർആൻ പറഞ്ഞു: "ബുദ്ധിമാന്മാരെ, (കൊലക്കു കൊലയെന്ന) തുല്യശിക്ഷ നല്കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനിൽപ് "(2:179).

ഈ ഖുർആനിക പരാമർശത്തിന്റെ സത്യത വെളിവാക്കുന്നതാണല്ലോ മുമ്പ് ഉദ്ധരിച്ച സംഭവങ്ങൾ.




കടപ്പാട് : ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ. 

Comments

Popular posts from this blog

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

പെണ്ണിനോട് ബാധ്യതകളെക്കുറിച്ചും ആണിനോട് അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവയാണ് ആൺകോയ്മാ (patriarchic) വ്യവസ്ഥിതികൾ. ഖുർആനിലും ഇത് തന്നെയല്ലേ കാണാൻ കഴിയുന്നത് ?