മറ്റു മതഗ്രന്ഥങ്ങളിലും ശിക്ഷാനിയമങ്ങൾ വിശദീകരിക്കുന്നുണ്ടല്ലോ. അവയിൽ നിന്ന് വ്യത്യസ്തമായി എന്ത് സവിശേഷതയാണ് ഖുർആനിലെ ശിക്ഷാനിയമങ്ങൾക്കുള്ളത്?
പല മതഗ്രന്ഥങ്ങളും കുറ്റങ്ങൾക്കുള്ള ശിക്ഷകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. അവയിൽ പലതും മനുഷ്യരുടെ കൈകടത്തലുകൾക്ക് വിധേയമായിരിക്കുന്നു എന്നതുകൊണ്ടുതന്നെ മനുഷ്യത്വവിരുദ്ധമായ പലതും അവയിൽ കാണാൻ കഴിയും. ഖുർആനിന്റെ സ്ഥിതി ഇതിൽനിന്ന് വ്യത്യസ്തമാണ്. അതിലെ നിയമങ്ങൾ മുഴുവൻ ദൈവീകമായതുകൊണ്ടുതന്നെ മാനവികമാണ്; സാർവജനീനവും സർവകാല പ്രസക്തവുമാണ്.
ഉദാഹരണത്തിന് വ്യഭിചാരത്തിന് വ്യത്യസ്ത മതഗ്രന്ഥങ്ങൾ വിധിക്കുന്ന ശിക്ഷയെന്താണെന്ന് നോക്കുക.
'ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവൻ, കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നെ മരണശിക്ഷയനുഭവിക്കണം' (ലേവ്യ 20:10).
'ഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തൻ ശയിക്കുന്നതുകണ്ടാൽ സ്ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷയനുഭവിക്കണം. ഇങ്ങനെ ഇസ്രയേലിൽനിന്ന് ദോഷം നീക്കിക്കളയണം' (ആവ:22:22)
ഇവിടെ ബൈബിൾ പഴയനിയമത്തിൽ മരണശിക്ഷവിധിച്ചിരിക്കുന്നത് വിവാഹിതയായ സ്ത്രീയുമായി ലൈംഗികബന്ധം പുലർത്തുന്നതിനു മാത്രമാണ്. കന്യകയുമായി വ്യഭിചരിച്ചാൽ അതിന് ശിക്ഷയൊന്നും ബൈബിൾ വിധിക്കുന്നില്ല. അത് കണ്ടുപിടിക്കപ്പെട്ടാൽ അവളെ വിവാഹം ചെയ്യണമെന്നത് മാത്രമാണ് ശിക്ഷ. 'വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തൻ കണ്ടു അവളെ പിടിച്ച് അവളോടുകൂടെ ശയിക്കുകയും അവരെ കണ്ടുപിടിക്കുകയും ചെയ്‌താൽ അവളോടുകൂടെ ശയിച്ച പുരുഷൻ യുവതിയുടെ അപ്പന് അമ്പത് വെള്ളികാശ് കൊടുക്കണം.അവൾ അവന്റെ ഭാര്യയാവുകയും വേണം.' (ആവ:22:28).
വിവാഹിതയായ സ്ത്രീയുമായുള്ള ലൈംഗികബന്ധത്തിന് മരണശിക്ഷ വിധിക്കുവാനുള്ള കാരണമെന്താണ്? (അതെ സമയം പുരുഷൻ വിവാഹിതനാണോ അല്ലയോ എന്നത് ഒരു പ്രശ്നമായിത്തന്നെ ബൈബിൾ കാണുന്നുമില്ല). സ്ത്രീ വിവാഹം ചെയ്യപ്പെടുന്നത് വരെ പിതാവിന്റെയും വിവാഹം ചെയ്യപ്പെട്ടുകഴിഞ്ഞാൽ ഭർത്താവിന്റെയും സ്വത്താണെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് സ്ത്രീകളെ വിൽക്കാൻ അത് പുരുഷന്മാരെ അനുവദിക്കുന്നത് (പുറ: 21:7, നെഹമ്യ:5:5 നോക്കുക). ഒരു പുരുഷന്റെ സ്വത്തായ സ്ത്രീയെ അനധികൃതമായി ഉപയോഗിച്ചുവെന്നതാണ് അയാളുടെ ഭാര്യയെ വ്യഭിചരിക്കുന്ന വ്യക്തിചെയ്യുന്ന കുറ്റം. അത് ചെയ്യുന്ന ആൾ വിവാഹിതനായാലും അല്ലെങ്കിലും കുറ്റം ഒന്നുതന്നെയാണ്. പുരുഷൻ സ്ത്രീയുടെ സ്വത്തല്ലാത്തതിനാൽ അയാൾ വ്യഭിചരിക്കുന്നത് ഒരു തെറ്റായിത്തന്നെ ബൈബിൾ കാണുന്നുമില്ല. ഈ വസ്തുത യഹൂദ വിജ്ഞാനകോശം തന്നെ സമ്മതിക്കുന്നതാണ്. (Encyclopedia Judaica Vol II col 313)
ചുരുക്കത്തിൽ ബൈബിൾ വ്യഭിചാരമെന്ന തിന്മയെ കാണുന്നത് മറ്റൊരാളുടെ സ്വത്തിലുള്ള അനധികൃതമായ കയ്യേറ്റമായിക്കൊണ്ടാണ്. പ്രസ്തുത കയ്യേറ്റത്തിന് മരണശിക്ഷതന്നെ വിധിക്കുന്നുണ്ടെന്നത് സത്യമാണ്. എന്നാൽ വ്യഭിചാരം സൃഷ്ട്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങളോ കുടുംബശൈഥില്യമോ ധാർമികപ്രതിസന്ധികളോ ഒന്നും തന്നെ ബൈബിളിന്റെ പരിഗണനയിൽ വരുന്നില്ല.
കൊലപാതകത്തിനുള്ള ആപസ്തംബ ധർമ സൂത്രത്തിലെ ശിക്ഷാനിയമങ്ങൾ കാണുക: 'ബ്രാഹ്മണനെകൊല്ലുന്ന ശൂദ്രനെ മൂന്നു പ്രാവശ്യമായി തീയിലിട്ട് കുറച്ചു കുറച്ചായി ചിത്രവധം ചെയ്ത് കൊല്ലണം. എന്നാൽ ശൂദ്രനെ മറ്റുള്ളവർ കൊന്നാൽ ഒരു വർഷത്തെ തടവ് വിധിക്കുകയും പന്ത്രണ്ട് പശുക്കളെ പിഴയായി ഈടാക്കുകയും ചെയ്‌താൽ മതി' (കൃഷ്ണാനന്ദ സ്വാമി ഉദ്ധരിച്ചത്: ഇന്ത്യയിലെ വർണസമരം പുറം 94).
ഹൈന്ദവസമൃതികളിലെ നിയമങ്ങളെല്ലാം വർണാശ്രമ വ്യവസ്‌ഥയുടെ അടിസ്ഥാനത്തിലുള്ളവയാണ്. ബ്രാഹ്മണനെ പൂജ്യനായും ശൂദ്രനെ അധമനായും കണ്ടുകൊണ്ടുള്ള നിയമങ്ങളിലുടനീളം ഈ ഉച്ചനീചത്വം പ്രകടമാണ്. ഒരേ തെറ്റ് ബ്രാഹ്മണൻ ചെയ്താലുള്ള ശിക്ഷയും ശൂദ്രൻ ചെയ്താലുള്ള ശിക്ഷയും തമ്മിൽ വലിയ അന്തരമുണ്ടായിരിക്കും. ഈ നിയമങ്ങൾ മനുഷ്യർക്ക് വേണ്ടിയുള്ളവയല്ല; ജാതികൾക്കുവേണ്ടിയുള്ളവയാണെന്ന് സാരം.
ഖുർആനിലെ ശിക്ഷാവിധികളിൽ ഇത്തരം പ്രശ്നങ്ങളൊന്നും കാണുക സാധ്യമല്ല. അതിൽ യാതൊരുവിധ ഉച്ചനീചത്വങ്ങളുമില്ല. രാജാവിനും പ്രജക്കും ഒരേ കുറ്റത്തിന് ഒരേ ശിക്ഷ. തികച്ചും മാന്യമായ കാഴ്ചപ്പാട്.
അതുപോലെത്തന്നെ ഖുർആൻ ലൈംഗിക സദാചാരത്തിന്റെ ലംഘനത്തെ കാണുന്നത് കുടുംബഭദ്രതയേയും സമൂഹത്തിന്റെ കെട്ടുറപ്പിനെയും തകർക്കുന്ന പ്രവർത്തനമായിട്ടാണ്. അവിടെ പുരുഷനും സ്ത്രീയുമെല്ലാം തുല്യരാണ്. തെറ്റ് ആര് ചെയ്യുന്നുവെന്നും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളുടെ ആഴം എത്രത്തോളമുള്ളതാണെന്നുമുള്ളതാണ് ശിക്ഷയുടെ അളവ് നിർണ്ണയിക്കുന്നത്. വിവാഹിതരുടെയും അവിവാഹിതരുടെയും വ്യഭിചാരം സൃഷ്ഠിക്കുന്ന പ്രശ്നങ്ങൾ വ്യത്യസ്തമായതിനാൽ അവയ്ക്കുള്ള ശിക്ഷകൾ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് കാണാം. ഇവിടെയും ഖുർആനിക ശിക്ഷാവിധികളുടെ മാനവികതയാണ് നമുക്ക് കാണാൻ കഴിയുന്നത്.
കടപ്പാട് : ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.
Comments
Post a Comment