വ്യഭിചാരത്തിന് രണ്ടു തരം ശിക്ഷകൾ ഇസ്ലാം വിധിക്കുന്നുണ്ടല്ലോ. എന്തുകൊണ്ടാണിത്?
ഇസ്‌ലാമിന്റെ എല്ലാ നിയമങ്ങളെയും പോലെ ശിക്ഷാനിയമങ്ങളും പടിപടിയായാണ് അവതരിപ്പിക്കപ്പെട്ടത്. വ്യഭിചാരത്തിന് ആദ്യം വിധിക്കപ്പെട്ടത് വീട്ടുതടങ്കലായിരുന്നു. "നിങ്ങളുടെ സ്ത്രീകളിൽനിന്ന് നീചവൃത്തിയിലേർപ്പെടുന്നവരാരോ അവർക്കെതിരിൽ സാക്ഷികളായി നിങ്ങളിൽ നിന്ന് നാലു പേരെ നിങ്ങൾ കൊണ്ടുവരുവിൻ. അങ്ങനെ അവർ സാക്ഷ്യം വഹിച്ചാൽ അവരെ നിങ്ങൾ വീടുകളിൽ തടഞ്ഞുവെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവർക്കൊരു മാർഗ്ഗം ഉണ്ടാക്കിത്തരികയോ ചെയ്യുന്നതുവരെ" (ഖുർആൻ 4:15).
ഈ സൂക്തത്തിൽ അല്ലാഹു നിങ്ങൾക്കൊരു മാർഗം നിശ്ചയിക്കുന്നതുവരെയെന്ന് പറഞ്ഞതിനെ അന്വർത്ഥമാക്കിക്കൊണ്ട് വ്യഭിചാരത്തിനുള്ള ഖണ്ഡിതമായ വിധി പിന്നീട് വന്നു. അതിങ്ങനെയാണ്: "വ്യഭിചരിക്കുന്ന സ്ത്രീ-പുരുഷന്മാരിൽ ഓരോരുത്തരെയും നിങ്ങൾ നൂറ് അടി അടിക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ അല്ലാഹുവിന്റെ മതനിയമത്തിൽ (അത് നടപ്പാക്കുന്ന വിഷയത്തിൽ) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളിൽനിന്നുള്ള ഒരു സംഘം സന്നിഹിതരാവുകയും ചെയ്യട്ടെ" (ഖുർആൻ 24:2).
ഈ സൂക്തത്തിൽ നൂറടി വിധിച്ചിരിക്കുന്നത് അവിവാഹിതരായ വ്യഭിചാരികൾക്കാണ്. അവർ വിവാഹിതരാണെങ്കിൽ എറിഞ്ഞു കൊല്ലണമെന്നാണ് ഇസ്‌ലാമിന്റെ വിധി. പ്രവാചകൻ (സ) തന്റെ ഭരണകാലത്ത് ഇത്തരം നാല് കേസുകളിൽ എറിഞ്ഞുകൊല്ലാൻ വിധിച്ചിരുന്നുവെന്ന് കാണാൻ കഴിയും. അതിൽ ഒരെണ്ണത്തിലെ പ്രതികൾ ജൂതന്മാരായിരുന്നു. ബാക്കി മൂന്നിലും മുസ്ലിംകളും. വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞുകൊല്ലുവാനുള്ള കൽപ്പന മിക്ക ഹദീസുഗ്രന്ഥങ്ങളും (മുസ്ലിം, അബൂദാവൂദ്, ഇബ്നുമാജ, ബൈഹഖി, അഹ്‌മദ്) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞുകൊല്ലുകയാണ് വേണ്ടതെന്ന കാര്യത്തിൽ മുസ്ലിം പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. പ്രസ്തുത നിയമം ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടില്ലെങ്കിലും ഖണ്ഡിതവും സത്യസന്ധവുമായ ഹദീസുകളാൽ സ്ഥിരപ്പെട്ടിട്ടുള്ളതുകൊണ്ടാണിത്.
എന്തുകൊണ്ടാണ് ഒരേ കുറ്റത്തിന് രണ്ടുതരം ശിക്ഷകൾ ഇസ്‌ലാം വിധിച്ചിരിക്കുന്നത്?
കുറ്റം ഒന്നുതന്നെയാണെങ്കിലും അത് ചെയ്യുന്ന വ്യക്തികളുടെ നിലവാരവും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതവും പരിഗണിച്ചുകൊണ്ടാണ് ഇസ്‌ലാം ശിക്ഷാവിധികൾ നിശ്ചയിച്ചിരിക്കുന്നത്. അവിവാഹിതരുടെ വ്യഭിചാരം ഒരു കുറ്റമാണ്. പക്ഷെ അവർക്ക് തങ്ങളുടെ ലൈംഗിക വികാരം ശമിപ്പിക്കുവാൻ വിഹിതമായ മാർഗങ്ങൾ മുന്നിലില്ല; അവരുടെ പ്രവർത്തനം മൂലം കുടുംബബന്ധങ്ങളൊന്നും തകരുന്നില്ല. എന്നാൽ വിവാഹിതരുടെ വ്യഭിചാരമോ? അവർക്കുമുന്നിൽ തങ്ങളുടെ വികാരശമനത്തിനു നിയമാനുസൃതം പരിണയിച്ച ഇണകളുണ്ട്. പ്രസ്തുത ലൈംഗീകബന്ധത്തിന്റെ പരിണിതഫലമോ? കുടുംബത്തകർച്ച! അങ്ങനെ സമൂഹത്തിൽ മുഴുവൻ അരാജകത്വം!! അതുകൊണ്ടുതന്നെ ഇവയ്ക്കുള്ള ശിക്ഷകൾ വ്യത്യസ്തമായിരിക്കണം. വിവാഹിതരുടെ വ്യഭിചാരവുമായി താരതമ്യം ചെയ്യുമ്പോൾ അവിവാഹിതരുടേത് ചെറിയ കുറ്റമാണ്. വിഹിതമാർഗങ്ങളുണ്ടായിട്ടും അവിഹിതമാർഗങ്ങൾ തേടിപ്പോകുന്നവരെ വെച്ചുകൊണ്ടിരുന്നുകൂടാ. അവർ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അത് കാണുന്ന ഒരാളും ഇനി അതിന് മുതിരാത്ത രീതിയിലുള്ള ശിക്ഷ.അതുകൊണ്ടാണ് അത്തരം ആളുകളെ മരണംവരെ കല്ലെറിയുക എന്ന നിയമം ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്നത്.
അവിവാഹിതർക്കാകട്ടെ അവരുടെ കുറ്റത്തിന്റെ തോത് പ്രകാരം പരസ്യമായി നൂറ് അടി അടിക്കുവാൻ ഇസ്‌ലാം കൽപ്പിച്ചു. അവർ സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കുന്നുവെങ്കിലും കുടുംബത്തിന്റെ തകർച്ചക്കോ അതുമൂലമുള്ള സാമൂഹിക പ്രശ്നങ്ങൾക്കോ അത് നിമിത്തമാകുന്നില്ലല്ലോ?.
കടപ്പാട് : ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.
Comments
Post a Comment