ഖുർആനിൽ വിവരിക്കുന്ന ശിക്ഷകൾ കൊണ്ട് വിവാഹേതര ലൈംഗികബന്ധങ്ങൾ ഇല്ലാതെയാക്കുവാൻ കഴിയുമോ?

ഖുർആനിൽ കേവലം ശിക്ഷാവിധികളെക്കുറിച്ചു മാത്രമല്ല പരാമർശിക്കുന്നത്. ശിക്ഷാവിധികൾ അവസാനത്തെ പടിയാണെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. വിവാഹേതര ലൈംഗികബന്ധത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യണമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. അതിനു ആവശ്യമായ നിയമങ്ങളും നിർദേശങ്ങളുമെല്ലാം ഇസ്‌ലാം പ്രദാനം ചെയ്യുന്നുണ്ട്. അവയെ ഇങ്ങനെ സംഗ്രഹിക്കാം.

ഒന്ന്: സ്ത്രീകളും പുരുഷന്മാരും മാന്യമായ വസ്ത്രം ധരിക്കണം. പുരുഷനിലെ ലൈംഗിക ഉത്തേജനത്തിനു കാഴ്ച ഒരു പ്രധാന കാരണമായത് കൊണ്ട് തന്നെ സ്ത്രീകൾ അവരുടെ സൗന്ദര്യം പ്രകടിപ്പിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കരുത്.

രണ്ടു: ലൈംഗികമായി പ്രലോഭിപ്പിക്കുന്ന യാതൊന്നും സമൂഹത്തിൽ ഉണ്ടാകരുത്. കാബറെ, നൃത്തങ്ങൾ, സൗന്ദര്യ മത്സരം, ബാലെ തുടങ്ങിയവ ഇസ്‌ലാമിക സമൂഹത്തിൽ ഉണ്ടാവുകയില്ല.

മൂന്ന്: വ്യഭിചാരത്തിലേയ്ക്ക് നയിക്കുന്ന രീതിയിലുള്ള നിർബാധമായ സ്ത്രീ-പുരുഷ സമ്പർക്കം പാടില്ല.

നല്: ലൈംഗികത ഒരു തൊഴിലായി സ്വീകരിക്കുന്നത് പാടെ വിപാടനം ചെയ്യണം. വേശ്യകളോ കാൾഗേളുകളോ സെക്സ്‌ബോംബുകളോ നഗ്ന മോഡലുകളോ ഒന്നും ഇസ്‌ലാമിക സമൂഹത്തിൽ ഉണ്ടാവുകയില്ല.

അഞ്ച്: അന്യ സ്ത്രീ-പുരുഷന്മാർ ഒന്നിച്ചു (ഭർത്താവോ വിവാഹം നിഷിദ്ധമായ ബന്ധുവോ കൂടെയില്ലാതെ) യാത്ര ചെയ്യരുത്.

ആറ്: അന്യ സ്ത്രീ-പുരുഷന്മാർ മറ്റൊരാളുടെ സാന്നിധ്യത്തിലല്ലാതെ സ്വകാര്യ സംഭാഷണത്തിലേർപ്പെടരുത്.

ഏഴ്: പുരുഷൻ സ്ത്രീയെയോ, സ്ത്രീ പുരുഷനെയോ, അവർ വിഹാഹത്തിലൂടെ ഇണകളായി മാറിയിട്ടില്ലെങ്കിൽ, കാമ വികാരത്തോടെ നോക്കരുത്.

എട്ട്: കാമവികാരമുണ്ടാക്കുന്ന രീതിയിൽ സംസാരിക്കുകയോ കൊഞ്ചിക്കുഴയുകയോ ചെയ്യരുത്.

ഒൻപത്: പുരുഷൻ വിവാഹാന്വേഷണവുമായി വന്നാൽ അവൻ സംസ്ക്കാര സമ്പന്നനാണെങ്കിൽ പെൺകുട്ടിയെ വിവാഹം ചെയ്ത് കൊടുക്കാൻ രക്ഷിതാക്കൾ സന്നദ്ധരാകണം.

പത്ത്: ഒരു സ്ത്രീയെക്കൊണ്ട് വികാരശമനം സാധ്യമല്ലാത്തവർക്ക് ഒന്നിലധികം പേരെ ചില വ്യവസ്‌ഥകൾക്ക് വിധേയമായി വിവാഹം ചെയ്യുവാൻ അനിവാദമുണ്ട്.

ഖുർആൻ ഒന്നാമതായി, ലൈംഗിക വികാരം ഉത്തേജിപ്പിക്കുകയും കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഇല്ലായ്മ ചെയ്യുന്നു. രണ്ടാമതായി, വിഹിതമായ മാർഗത്തിൽ വികാരശമനത്തിനാവശ്യമായ തുറന്ന അംഗീകാരം നൽകുന്നു. ഇതിനു ശേഷവും വികാര ശമനത്തിന് അസാന്മാർഗിക മാർഗങ്ങളെ അവലംബിക്കുന്നവർ സമൂഹത്തിന്റെ ധാർമിക നിലവാരത്തെ തകർക്കുകയും കുടുംബത്തെയും സമൂഹത്തെയുമെല്ലാം നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. അത്തരം ആളുകളെ കഠിനമായി ശിക്ഷിക്കണമെന്നാണ് ഇസ്‌ലാമിന്റെ നിർദ്ദേശം.

മനുഷ്യരെ അസാന്മാർഗികളാക്കുന്നതിൽ സാഹചര്യങ്ങൾക്ക് അനല്പമായ പങ്കുണ്ട്. ലൈംഗിക വികാരത്തെ ഉത്തേജിപ്പിക്കുന്ന രീതിയിൽ മീഡിയയും മാർക്കറ്റുകളും മാറുകയും വിവാഹേതര ലൈംഗികബന്ധം ഒരു പാപമല്ലെന്ന രീതിയിൽ സമൂഹം കൈകാര്യം ചെയ്യുവാനാരംഭിക്കുകയും ചെയ്തത് കാരണം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് വാസ്തവം. ദിനേനയുള്ള പത്രങ്ങൾ ഒന്ന് തുറന്ന് വായിക്കുക. എത്രമാത്രം പീഡനവാർത്തകൾ? എന്താണിതിനു കാരണം? വിവാഹേതര ബന്ധത്തോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ വന്ന മാറ്റവും മീഡിയകളും മാർക്കറ്റുകളും സ്ത്രീസൗന്ദര്യത്തെ ഒരു വില്പനച്ചരക്കാക്കി ഉപയോഗിക്കാനാരംഭിച്ചതും കുറ്റകൃത്യങ്ങളുടെ വർധനയിൽ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാൽ മാന്യമായി ജീവിക്കണമെന്നാഗ്രഹിക്കുന്ന വനിതകൾക്ക് സ്വൈര്യമായി നടക്കാൻ പറ്റാത്ത സ്ഥിതിയാണ് കേരളത്തിലുണ്ടാവുക.

ഇത്തരമൊരവസ്ഥ ഇസ്‌ലാമിക സമൂഹത്തിലുണ്ടാവുകയില്ല. അവിടെ സ്ത്രീകൾക്ക് തങ്ങളുടെ മാനം അപഹരിക്കപ്പെടുമെന്ന ഭീതിയോടെ ജീവിക്കേണ്ട ഗതിയുണ്ടാവുകയില്ല. പ്രവാചകന്റെ കാലത്തു വിരലിലെണ്ണാവുന്ന വ്യക്തികളെ മാത്രമേ വ്യഭിചാരത്തിന് ശിക്ഷിച്ചിട്ടുള്ളൂ. ഖലീഫമാരുടെ ഭരണകാലത്തും തഥൈവ. മാധ്യമങ്ങളുടെ കടന്നുകയറ്റവും പാശ്ചാത്യ സംസ്ക്കാരത്തിന്റെ സ്വാധീനവുമെല്ലാം ഏറെ ജീർണതകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇന്നും ഖുർആനിക ശിക്ഷാ വിധികൾ സ്വീകരിച്ചിരിക്കുന്ന നാടുകളിൽ ലൈംഗിക കുറ്റകൃത്യങ്ങൾ താരതമ്യേന കുറവാണെന്ന വസ്തുത ഇതിന്റെ പ്രായോഗികത വ്യക്തമാക്കുകയാണ് ചെയ്യുന്നത്.



കടപ്പാട് : ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

Comments

Popular posts from this blog

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

പെണ്ണിനോട് ബാധ്യതകളെക്കുറിച്ചും ആണിനോട് അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവയാണ് ആൺകോയ്മാ (patriarchic) വ്യവസ്ഥിതികൾ. ഖുർആനിലും ഇത് തന്നെയല്ലേ കാണാൻ കഴിയുന്നത് ?