കൊലയാളിയെ തിരിച്ചു കൊല്ലുന്നതുകൊണ്ട് കൊല്ലപ്പെട്ടവന്റെ കുടുംബത്തിന് എന്തു കിട്ടുവാനാണ്? അനാഥമായിത്തീരുന്ന കൊല്ലപ്പെട്ടവന്റെ കുടുംബത്തെ സംരക്ഷിക്കുവാൻ എന്തു നിർദ്ദേശമാണ് ഖുർആൻ സമർപ്പിക്കുന്നത്?

കൊലക്കുറ്റത്തിന് എല്ലാസന്ദർഭത്തിലും ഒരു പോലെ വധശിക്ഷ നൽകണമെന്ന് ഖുർആൻ നിർബന്ധിക്കുന്നില്ല. വധശിക്ഷയെക്കുറിച്ചു പ്രതിപാദിക്കുന്ന ഖുർആൻ സൂക്തം കാണുക: "സത്യവിശ്വാസികളേ, വധിക്കപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യമായ പ്രതിക്രിയ നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്‌.) ഇനി അവന്ന് (കൊലയാളിക്ക്‌) തന്റെ സഹോദരന്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ലഘൂകരണവും അനുഗ്രഹവുമത്രെ" (ഖുർആൻ 2:178).

ഘാതകനെ മരണത്തിൽ നിന്ന് രക്ഷിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കൊല്ലപ്പെട്ടവന്റെ അടുത്ത ബന്ധുക്കളാണ്. അവർക്ക് വേണമെങ്കിൽ പ്രതികാരമൂല്യം (ദിയഃ) വാങ്ങി അയാളെ വെറുതെ വിടാം. അയാളെ വെറുതെ വിടാനാണ് ബന്ധുക്കളുടെ തീരുമാനമെങ്കിൽ അതിന് എതിര് നിൽക്കുവാൻ കോടതിക്ക് അവകാശമില്ല. നൂറ് ഒട്ടകമാണ് കൊലക്കുറ്റത്തിനുള്ള പ്രതികാരമൂല്യം. അതുവാങ്ങി ഘാതകനെ വെറുതെവിട്ടു കഴിഞ്ഞാൽ പിന്നെ അയാൾക്കെതിരെ യാതൊരുവിധ പ്രതികാര നടപടിയും പാടില്ല.

ചുരുക്കത്തിൽ, കൊല്ലപ്പെട്ടവന്റെ ബന്ധുക്കൾക്ക് സമ്മതമെങ്കിൽ നഷ്ടപരിഹാരം വാങ്ങി ഘാതകനെ വെറുതെവിടുകയും പ്രസ്തുത നഷ്ടപരിഹാരമുപയോഗിച്ച് അനാഥമായിത്തീർന്നവരെ പുനരധിവസിപ്പിക്കുകയും അവരുടെ ജീവസന്ധാരണത്തിനുള്ള മാർഗമുണ്ടാക്കുകയും ചെയ്യാം. ഘാതകനെ എന്തു ചെയ്യണമെന്ന് തീരുമാനിക്കുവാനുള്ള ആത്യന്തികമായ അധികാരം കൊല്ലപ്പെട്ടവന്റെ ബന്ധുക്കൾക്കു നൽകിയ ഖുർആൻ, അതിന്റെ ശിക്ഷാനിയമങ്ങളുടെ പ്രോജ്വലമായ മാനവിക മുഖമാണ് ഇവിടെയും പ്രകടിപ്പിക്കുന്നത്.

കടപ്പാട് : ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ. 

Comments

Popular posts from this blog

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

പെണ്ണിനോട് ബാധ്യതകളെക്കുറിച്ചും ആണിനോട് അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവയാണ് ആൺകോയ്മാ (patriarchic) വ്യവസ്ഥിതികൾ. ഖുർആനിലും ഇത് തന്നെയല്ലേ കാണാൻ കഴിയുന്നത് ?