പുരുഷാധിപത്യത്തിലധിഷ്ഠിതമായ ഒരു ധാർമികവ്യവസ്ഥിതിയാണ് ഖുർആൻ അവതരിപ്പിക്കുന്നതെന്ന ആരോപണത്തിൽ എത്രമാത്രം കഴമ്പുണ്ട് ?

അടിസ്ഥാനരഹിതമായ ഒരു ആരോപണമാണിത്. പുരുഷന്റെയും സ്ത്രീയുടെയും സൃഷ്ട്ടാവിനാണല്ലോ അവരുടെ പ്രകൃതത്തെക്കുറിച്ചു നന്നായറിയുക.അല്ലാഹു നിർദ്ദേശിക്കുന്ന ധാർമിക വ്യവസ്ഥ ഒരിക്കലുംതന്നെ ഒരു വിഭാഗത്തിന്റെ ആധിപത്യത്തിനും മറ്റേ വിഭാഗത്തിന്റെ അധഃസ്ഥിതത്വത്തിനും നിമിത്തമാവുകയില്ലെന്ന് അൽപ്പം ചിന്തിച്ചാൽ ബോധ്യമാവും. അപ്പോൾ പ്രശ്നം ധാർമികവ്യവസ്ഥയുടേതല്ല. മറിച്ച്, അതിനെ അളക്കാനുപയോഗിക്കുന്ന അളവുകോലിന്റേതാണ്.
പുരുഷന്റെയും സ്ത്രീയുടെയും സഹകരണവും പാരസ്പര്യവുമാണ് കുടുംബമെന്ന സ്ഥാപനത്തിന്റെ നിലനിൽപ്പിനു ആധാരമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ധാർമികവ്യവസ്ഥ നിലനിൽക്കണമെങ്കിൽ കുടുംബമെന്ന സ്ഥാപനം കെട്ടുറപ്പോടുകൂടി നിലനിൽക്കണമെന്ന അടിത്തറയിൽ നിന്നുകൊണ്ടാണ് ഖുർആൻ നിയമങ്ങളാവിഷ്‌ക്കരിച്ചിരിക്കുന്നത്. കുടുംബം തന്നെ തകരേണ്ടതാണെന്ന തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്ക് ഖുർആനിക നിയമങ്ങൾ അസ്വീകാര്യമായി അനുഭവപ്പെട്ടേക്കാം. എന്നാൽ, ധാർമികതയിൽ അധിഷ്ഠിതമായ മനുഷ്യ സമൂഹത്തിന്റെ നിലനില്പിനെക്കുറിച്ച് ചിന്തിക്കുന്നവർക്കൊന്നും തന്നെ ഏതെങ്കിലുമൊരു ഖുർആനിക നിയമം പുരുഷാധിപത്യത്തിൽ അധിഷ്ഠിതമാണെന്ന് പറയാൻ കഴിയില്ല.
കുടുംബമെന്ന സ്ഥാപനത്തിന്റെ കെട്ടുറപ്പും ഭദ്രതയും ഉറപ്പുവരുത്തുന്നതിന് സ്ത്രീക്കും പുരുഷനും അവരുടേതായ പങ്കുവഹിക്കാനുണ്ടെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും ബാധ്യതകളെയും കുറിച്ച ഖുർആനിക നിയമങ്ങൾ ഈ അടിത്തറയിൽ നിന്നുകൊണ്ടുള്ളതാണ്. സ്ത്രീയെയും പുരുഷനെയും സംബന്ധിച്ച ഖുർആനിക വീക്ഷണത്തെ ഇങ്ങനെ സംഗ്രഹിക്കാം:

ഒന്ന് - സ്ത്രീയും പുരുഷനും ഒരേ ആത്മാവിൽനിന്നുണ്ടായവരാണ്. ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ പോലെയാണവർ. രണ്ടുപേരും സ്വതന്ത്രരാണെങ്കിലും ഇരുവരുടെയും പാരസ്പര്യമാണ് രണ്ടുപേർക്കും പൂർണത നൽകുന്നത്.

രണ്ട് - സ്ത്രീ പുരുഷനോ പുരുഷൻ സ്ത്രീയോ അല്ല. ഇരുവർക്കും തികച്ചും വ്യത്യസ്തവും അതേസമയം പരസ്പരപൂരകവുമായ അസ്ഥിത്വമാണുള്ളത്.

മൂന്ന് - സ്ത്രീക്കും പുരുഷനും അവകാശങ്ങളുണ്ട്. ഈ അവകാശങ്ങൾ നേടിയെടുക്കേണ്ടത് സംഘട്ടനത്തിലൂടെയല്ല, പാരസ്പ്പര്യത്തിലൂടെയാണ്.

നാല് - രണ്ടു കൂട്ടർക്കും ബാധ്യതകളുണ്ട്‌. ഈ ബാധ്യതകൾ നിര്വഹിക്കുന്നതിലൂടെ മാത്രമേ വ്യഷ്ടിക്കും സമഷ്ടിക്കും നിലനിൽക്കാൻ കഴിയൂ.

അഞ്ച് - സ്ത്രീ പുരുഷധർമം നിർവഹിക്കുന്നതും പുരുഷൻ സ്ത്രീ ധർമം നിർവഹിക്കുന്നതും പ്രകൃതിയുടെ താല്പര്യത്തിനെതിരാണ്. ഓരോരുത്തരും അവരവരുടെ ധർമങ്ങൾ നിർവഹിക്കുകയാണ്‌ വേണ്ടത്.

ആറ് - ഓരോരുത്തരും അവരവരുടെ ധർമം നിർവഹിക്കുന്നതും അവകാശങ്ങൾ അനുഭവിക്കുന്നതും അപരന്റെ അവകാശങ്ങളെ ഹനിച്ചുകൊണ്ടായിക്കൂടാ.




കടപ്പാട്: ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

Comments

Popular posts from this blog

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

മറ്റു മതഗ്രന്ഥങ്ങളിലും ശിക്ഷാനിയമങ്ങൾ വിശദീകരിക്കുന്നുണ്ടല്ലോ. അവയിൽ നിന്ന് വ്യത്യസ്തമായി എന്ത് സവിശേഷതയാണ് ഖുർആനിലെ ശിക്ഷാനിയമങ്ങൾക്കുള്ളത്?