സ്ത്രീയെക്കുറിച്ച ഖുർആനിക സങ്കൽപ്പമെന്താണ് ?

വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. ഏതൊരു പ്രസ്ഥാനമായിരുന്നാലും അതിന്റെ അടിസ്ഥാന സങ്കൽപ്പത്തിന്റെ പ്രതിഫലനമായിരിക്കും നിയമങ്ങളിലും നിർദേശങ്ങളിലും നമുക്ക് കാണാനാവുക. സ്ത്രീയെ സംബന്ധിച്ച ഇസ്‌ലാമിക നിർദേശങ്ങളുടെ വേര് സ്ഥിതി ചെയ്യുന്നത് അവൾ ആരാണെന്ന പ്രശ്നത്തിന് ഖുർആൻ നൽകുന്ന ഉത്തരത്തിലാണ്.
പുരുഷനെപ്പോലെതന്നെ സ്ത്രീയും പടച്ചവന്റെ സവിശേഷ സൃഷ്ടിയാണെന്നാണ് ഖുർആനികാധ്യാപനം.
"മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍" (4:1).
ഇവിടെ പുരുഷനും സ്ത്രീയും ഒരേ ആത്മാവിൽനിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന വസ്തുതയാണ് ഖുർആൻ സൂചിപ്പിക്കുന്നത് ; പുരുഷനും സ്ത്രീയും ഒരേ ആത്മാവിന്റെ രണ്ട് അംശങ്ങളാണെന്ന വസ്തുത. ഈ രണ്ട് അംശങ്ങളും കൂടിച്ചേരുമ്പോഴാണ് അതിന് പൂർണത കൈവരുന്നത്. അഥവാ സ്ത്രീയുടെയും പുരുഷന്റെയും പാരസ്പര്യത്തിലാണ് ജീവിതം പൂർണമാവുന്നത്. സ്ത്രീ-പുരുഷ ബന്ധത്തിലെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയുമെല്ലാം ഉറവിടം ഈ പാരസ്പര്യമാണ്. ദമ്പതികൾ തമ്മിൽ നിലനിൽക്കുന്ന കരുണയും സ്നേഹവുമെല്ലാം ദൈവിക ദൃഷ്ടാന്തങ്ങളാണെന്നാണ് ഖുർആനിക കാഴ്ചപ്പാട്. 'നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌ ' (30:21).
ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ ഖുർആൻ അംഗീകരിക്കുന്നില്ല. സ്ത്രീ-പുരുഷസമത്വമെന്ന ആശയത്തെ അത് നിരാകരിക്കുകയും ചെയ്യുന്നു. സ്ത്രീ, പുരുഷന് സമമോ പുരുഷൻ, സ്ത്രീക്ക് സമമോ ആവുക എന്നത് അസാധ്യമാണെന്നാണ് അതിന്റെ വീക്ഷണം.അങ്ങനെ ആകുവാൻ ശ്രമിക്കുന്നത് പ്രകൃതി വിരുദ്ധമാണ്. സ്ത്രീയെയും പുരുഷനെയും പ്രകൃതി അവർക്കനുവദിച്ച സ്ഥാനങ്ങളിൽ തന്നെ നിർത്തുകയാണ് ഖുർആൻ ചെയ്യുന്നത്. പ്രകൃതി സ്ത്രീക്കും പുരുഷനും നൽകിയ സ്ഥാനങ്ങൾ തന്നെയാണ് പ്രകൃതി മതമായ ഇസ്‌ലാമും അവർക്ക് നൽകുന്നത്.




കടപ്പാട്: ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

Comments

Popular posts from this blog

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

മറ്റു മതഗ്രന്ഥങ്ങളിലും ശിക്ഷാനിയമങ്ങൾ വിശദീകരിക്കുന്നുണ്ടല്ലോ. അവയിൽ നിന്ന് വ്യത്യസ്തമായി എന്ത് സവിശേഷതയാണ് ഖുർആനിലെ ശിക്ഷാനിയമങ്ങൾക്കുള്ളത്?