സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

'നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌' (2:223) എന്ന ഖുർആൻ സൂക്തമാണ് ഇവിടെ വിമർശിക്കപ്പെട്ടിരിക്കുന്നത്. ഭാര്യയെ കൃഷിയിടത്തോടുപമിക്കുന്ന ഖുർആൻ അവളെ വെറുമൊരു ഉൽപ്പാദനോപകാരണം മാത്രമാക്കിയെന്നാണ് ആക്ഷേപം.
ഖുർആനിൽ ഒരുപാട് ഉപമാലങ്കാരങ്ങളുണ്ട്. സ്ത്രീയെ കൃഷിയിടത്തോടും വസ്ത്രത്തോടും ഉപമിക്കുന്നത് അവയിൽ ചിലതുമാത്രം. ഉപമകൾക്ക് ഒരു പ്രത്യേകത്തുണ്ട്. ഓരോരുത്തർക്കും അവരുടെ മനോഗതം പോലെ അവയെ വ്യാഖ്യാനിക്കാൻ കഴിയും. പ്രസ്തുത വ്യാഖ്യാനങ്ങൾ വ്യാഖ്യാതാവിന്റെ മനസ്സിന്റെ നിമ്നോന്നതികളെയാണ് പ്രതിഫലിപ്പിക്കുക. കൃഷിസ്ഥലത്തോട് ഭാര്യയെ ഉപമിച്ചതിനാൽ കൃഷിയിടം ചവിട്ടിമെതിക്കുന്നതുപോലെ അവളെ ചവിട്ടിമെതിക്കാമെന്നും അത് വിൽക്കുന്നതുപോലെ സ്ത്രീയെ ഏത് സമയത്തും വിൽപ്പന നടത്താമെന്നും അതിനെ ഉഴുതുമറിക്കുന്നതുപോലെ അവളെ ഉഴുതുമറിക്കാമെന്നുമാണ് ഖുർആൻ പറയുന്നതെന്ന് ഒരാൾക്ക് വാദിക്കാം. ഭാര്യയെ വസ്ത്രത്തോടുപമിക്കുന്നതിൽ നിന്ന് അവളെ വസ്ത്രം മാറുന്നതുപോലെ മാറ്റുവാനാണ് ഖുർആൻ കല്പിക്കുന്നതെന്ന് വ്യാഖ്യാനിക്കാനും സാധിക്കും. പക്ഷെ, ഈ വ്യാഖ്യാനങ്ങളെല്ലാം വ്യാഖ്യാതാക്കളുടെ മനോഗതിയെയും മുൻധാരണകളെയുമല്ലാതെ മറ്റൊന്നിനെയും പ്രതിഫലിപ്പിക്കുന്നില്ല എന്നല്ലോ മനഃശാസ്ത്ര മതം.
ഏതൊരു ഗ്രന്ഥത്തിലെയും ഉപമാലങ്കാരങ്ങളെ വ്യാഖ്യാനിക്കുവാൻ ആ ഗ്രന്ഥത്തിന്റെ ഇതിവൃത്തത്തെയും അത് പ്രഖ്യാപിക്കുന്ന ആദർശത്തെയും അത് മുന്നോട്ടുവെക്കുന്ന സാമൂഹികസംവിധാനത്തെയും കുറിച്ച അടിസ്ഥാന വസ്തുതകൾ അറിയേണ്ടതുണ്ട്. 'സ്ത്രീകള്‍ക്ക് ബാധ്യതയുള്ളതുപോലെ അവകാശങ്ങളുമുണ്ട്‌' (2:228) എന്ന ഖുർആൻ സൂക്തം സ്ത്രീപുരുഷബന്ധത്തക്കുറിച്ചുള്ള അതിന്റെ വീക്ഷണത്തെ സംബന്ധിച്ച അടിസ്ഥാന അറിവ് നൽകുന്നുണ്ട്. 'ഭൂമിയിലെ വിഭവങ്ങളിൽ ഉത്തമയാണ് സദ്‌വൃത്തയായ സ്ത്രീ ' എന്ന പ്രവാചകവചനം ഇതിന് അനുബന്ധമായി സ്ഥിതി ചെയ്യുന്നു. ഈ അടിത്തറയിൽ നിന്നുകൊണ്ട് സ്ത്രീയെക്കുറിച്ച ഉപമകൾ മനസ്സിലാക്കിയാലേ പ്രസ്തുത ഉപമയുടെ സൗന്ദര്യം ആസ്വദിക്കാനാവൂ.
സ്ത്രീയെ വസ്ത്രത്തോടുപമിച്ച ഖുർആൻ എന്താണ് അർത്ഥമാക്കുന്നത്? ശരീരവുമായി ഒട്ടിച്ചേർന്നുനിൽക്കുന്ന ഭൗതികമായി ഏറ്റവും അടുത്ത വസ്തുവാണ് വസ്ത്രം. അത് അന്യൻ കാണാതിരിക്കേണ്ട ശരീര ഭാഗങ്ങളെ മറച്ചുവെക്കുന്നു. കാലാവസ്ഥയുടെ അസുഖകരമായ അവസ്ഥകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നത് വസ്ത്രമാണ്. മനുഷ്യന്റെ അന്തസ്സിന്റെ പ്രകടനവും വസ്ത്രത്തിൽ കുടികൊള്ളുന്നു. സൗന്ദര്യവും ആനന്ദവും വർദ്ധിപ്പിക്കുന്നതിനും വസ്ത്രം ഉപയോഗിക്കുന്നു. സർവോപരി ഒരാളുടെ സംസ്കാരത്തിന്റെ പ്രകടനമാണ് വസ്ത്രം. ഖുർആൻ സ്ത്രീയെ പുരുഷന്റെ വസ്ത്രമായി മാത്രമല്ല പറഞ്ഞിട്ടുള്ളതെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. 'അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാണ് . നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാണ്' (2:187) എന്നാണ് ഖുർആൻ പറയുന്നത്. ഖുർആനിന്റെ ഉപമ എത്ര സുന്ദരം! കൃത്യം. പരസ്പരം വസ്ത്രമാകാതിരിക്കുന്നതല്ലേ ഇന്നത്തെ കുടുംബപ്രശ്നങ്ങളുടെ പ്രധാനപ്പെട്ട കാരണം?.
സ്ത്രീയെ കൃഷിയിടത്തോടും പുരുഷനെ കൃഷിക്കാരനോടും ഉപമിച്ച ഖുർആൻ എന്താണ് അർത്ഥമാക്കിയിരിക്കുന്നത്? കൃഷിയിടവും കൃഷിക്കാരനുമായുള്ള ബന്ധമറിയാൻ കൃഷിക്കാരനോടുതന്നെ ചോദിക്കണം. കൃഷിയിടത്തിനുവേണ്ടി മരിക്കാൻ സന്നദ്ധനാണവൻ. മണ്ണെന്ന് കേൾക്കുമ്പോൾ അയാൾ വികാരതരളിതനാവും. കൃഷിഭൂമിയുടെ നിയമത്തെക്കുറിച്ച് അറിയുന്നവനാണവൻ. സ്വന്തം കൃഷിയിടത്ത് അന്യനെ വിത്തിടാൻ അയാൾ അനുവദിക്കില്ല. അപരന്റെ കൃഷി സ്ഥലത്ത് വിത്തിറക്കാൻ അയാളൊട്ട് മുതിരുകയുമില്ല. കൃഷിഭൂമി പാഴാക്കരുത്. തരിശിടരുത്. വളമിടണം. ജലസേചനം ചെയ്യണം. മണ്ണിന്റെ ഗുണം കൂട്ടണം. മണ്ണൊലിപ്പ് തടയണം. 'നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാണ് '(2:223) എന്ന ഖുർആനികാധ്യാപനം ശ്രവിക്കുന്ന കർഷകന് പെണ്ണിനെ കേവലം ഒരു ഉൽപ്പാദനയന്ത്രമായി കാണാൻ കഴിയില്ല. കൃഷിയിടവും കർഷകനും തമ്മിലുള്ള ബന്ധത്തിന്റെ ആന്തരികമായ ആഴമറിയാത്തവർക്ക് ഈ ഉപമ ആസ്വദിക്കാൻ കഴിയില്ല. എന്നാൽ കൃഷിക്കാരന്റെ സ്ഥിതി അതല്ല. അവൻ പ്രസ്തുത ഉപമയുടെ അർഥം മനസ്സിലാക്കുന്നു. സൗന്ദര്യമുൾക്കൊള്ളുന്നു. ഖുർആൻ സംസാരിക്കുന്നത് പച്ചയായ മനുഷ്യരോടാണ്; സാങ്കൽപ്പിക ലോകത്ത് ബുദ്ധിവ്യായാമം ചെയ്യുന്ന 'ജീവി'കളോടല്ലെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്.
സ്ത്രീയെ കൃഷിയിടത്തോടുപമിച്ച ഖുർആനിക സൂക്തത്തിന്റെ അവതരണ പശ്ചാത്തലം കൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും. സ്ത്രീകളുമായി ലൈംഗികബന്ധം പുലർത്തുന്നത് ചില പ്രത്യേകരീതികളിലായിരുന്നാൽ അത് പാപമാണെന്നും ജനിക്കുന്ന കുഞ്ഞിന്റെ കണ്ണിനു തകരാറുണ്ടാവുമെന്നുള്ള അന്ധവിശ്വാസങ്ങൾ മദീനയിലെ യഹൂദർക്കിടയിൽ പ്രചരിച്ചിരുന്നു. ഇതിനെക്കുറിച്ച് അനുചരന്മാർ പ്രവാചകൻ (സ) യോട് ചോദിച്ചു: അപ്പോഴാണ് ഈ സൂക്തം അവതരിപ്പിക്കപ്പെട്ടതെന്നാണ് പല ഖുർആൻ വ്യാഖ്യാതാക്കളുടെയും അഭിപ്രായം. 'നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലുക' എന്ന സൂക്തത്തിന്റെ വിവക്ഷ ഈ പശ്ചാത്തലം വെച്ചുകൊണ്ട് മനസ്സിലാക്കുന്നത് തെറ്റിദ്ധാരണ നീങ്ങാൻ സഹായകമാവും. കൃഷിയിടത്തിലേക്ക് പല മാർഗങ്ങളുപയോഗിച്ച് കടന്നുചെല്ലുന്ന കൃഷിക്കാരനെപ്പോലെ ലൈംഗികബന്ധത്തിൽ വ്യത്യസ്ത മാർഗങ്ങളുപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നാണ് ഖുർആൻ ഇവിടെ പഠിപ്പിക്കുന്നത്. കൃഷിസ്ഥലത്തുതന്നെയാണ് വിത്തുവിതക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നുമാത്രം. ലൈംഗികബന്ധം കേവലം വൈകാരികാനുഭൂതി മാത്രം ലക്‌ഷ്യം വെച്ചുകൊണ്ടുള്ളതല്ല എന്നും മനുഷ്യ വംശത്തിന്റെ നിലനില്പിനുതന്നെ നിദാനമായിട്ടുള്ള പ്രത്യുൽപ്പാദനം അതിന്റെ പ്രധാനപ്പെട്ട ലക്ഷ്യമാണെന്നുകൂടി പഠിപ്പിക്കുകയാണ് ഖുർആൻ ഈ സൂക്തത്തിലൂടെ ചെയ്യുന്നത്.




 കടപ്പാട്: ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

Comments

Popular posts from this blog

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

മറ്റു മതഗ്രന്ഥങ്ങളിലും ശിക്ഷാനിയമങ്ങൾ വിശദീകരിക്കുന്നുണ്ടല്ലോ. അവയിൽ നിന്ന് വ്യത്യസ്തമായി എന്ത് സവിശേഷതയാണ് ഖുർആനിലെ ശിക്ഷാനിയമങ്ങൾക്കുള്ളത്?