പുരുഷനെയും സ്ത്രീയെയും അദ്ധ്വാനിക്കുന്ന വർഗ്ഗത്തിലെ തുല്യതയുള്ള രണ്ട് അംഗങ്ങളായി കാണുന്ന മാർക്സിസത്തിന്റെ വീക്ഷണമല്ലേ ഖുർആനിക ദർശനത്തേക്കാൾ സ്ത്രീക്ക് അഭികാമ്യം?

സ്വകാര്യ സ്വത്താണ് സകലവിധ തിന്മകൾക്കും കാരണമെന്ന അടിസ്ഥാനത്തിൽനിന്നുകൊണ്ടാണ് മാർക്സിസ്റ്റ് ആചാര്യൻമാർ തങ്ങളുടെ സിദ്ധാന്തങ്ങൾക്ക് രൂപം നൽകിയത്. സ്ത്രീ-പുരുഷ ബന്ധത്തെയും ഈ അടിസ്ഥാനത്തിലാണ് കമ്മ്യൂണിസം വിലയിരുത്തുന്നത്. 'മുതലാളിത്ത വ്യവസ്ഥിതിയിൽ സ്ത്രീ-പുരുഷ ബന്ധം ചൂഷണാധിഷ്‌ഠിതമാണ്. ഏകപത്നീ സമ്പ്രദായത്തിന്റെ ആരംഭം തന്നെ സ്വകാര്യ സ്വത്ത് സംരക്ഷണത്തിന് വേണ്ടിയായിരുന്നു. സ്വകാര്യ സ്വത്ത് ഉന്മൂലനം ചെയ്യപ്പെടുന്നതോടെ മനുഷ്യർ സകലവിധ തിന്മകളിൽ നിന്നും മുക്തമാവും'. ഇതാണ് കമ്മ്യൂണിസത്തിന്റെ വിലയിരുത്തൽ. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ വരാൻ പോകുന്ന കുടുംബബന്ധത്തിന്റെ അവസ്ഥയെക്കുറിച്ച് മാർക്സിസ്റ്റ് വിലയിരുത്തലിൽ നിന്ന് സ്ത്രീയെകുറിച്ച കമ്മ്യൂണിസ്റ്റ് വീക്ഷണമെന്തെന്ന് നമുക്ക്‌ മനസ്സിലാകും.

'ഹിന്ദു മുസ്ലിം ക്രിസ്ത്യനാദി വ്യത്യാസമില്ലാതെ സ്ത്രീ - പുരുഷന്മാരെല്ലാം അവരവർക്ക് പറ്റുന്ന ജോലിയിലും ഉദ്യോഗത്തിലും  ഏർപ്പെടുക, അവരവർക്ക് ഇഷ്ട്ടമുള്ള ഇണയെ തെരഞ്ഞെടുത്ത് ഇഷ്ടമുള്ള കാലത്തോളം ദാമ്പത്യജീവിതം നയിക്കുക, ദമ്പതിമാരിൽ ആർക്കെങ്കിലും ഇഷ്ടമില്ലാതെ വന്നാൽ വിവാഹമോചനം നടത്തുക, ഇഷ്ടമുണ്ടെങ്കിൽ പുതിയ ഇണയെ കണ്ടെത്തി മറ്റൊരു ദാമ്പത്യത്തിലേർപ്പെടുക ഈ സ്ഥിതി കൈവരുന്നത്തുന്നതിനുവേണ്ടിയാണ് ആധുനിക ജനാധിപത്യവും അതിന്റെ ഉന്നതരൂപമായ സോഷ്യലിസവും പ്രവർത്തിക്കുന്നത് (ഇ.എം.എസ് : ചോദ്യങ്ങൾക്ക് മറുപടി, ചിന്ത വാരിക 1983 നവംബർ 25).

ഉൽപാദന ബന്ധങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ മനുഷ്യനെ വിലയിരുത്തുന്ന മാർക്സിസ്റ്റ് സമ്പ്രദായം കുടുംബവ്യവസ്ഥയെയും ധാർമിക മൂല്യങ്ങളെയുമെല്ലാം ചൂഷണവ്യവസ്ഥയുടെ ഉപോല്പന്നമായാണ് ഗണിക്കുന്നത്. സ്ത്രീയും പുരുഷനും എല്ലാനിലയ്ക്കും സ്വതന്ത്രരായ, യാതൊരു രീതിയിലുമുള്ള പാരസ്പര്യവുമില്ലാത്ത രണ്ടു വ്യക്തികളാണെന്ന വീക്ഷണത്തിൽനിന്നാണ് മുകളിൽ പറഞ്ഞ കമ്മ്യൂണിസ്ററ് കാഴ്ചപ്പാടിന്റെ ഉൽപ്പത്തി. സമൂഹത്തിൽ നിലനിൽക്കൽ അനിവാര്യമായ സ്ഥാപനമാണ് കുടുംബമെന്ന വസ്തുത മാർക്സിസ്റ്റ് ധൈഷണികന്മാർ പരിഗണിച്ചിട്ടേയില്ല. കുടുംബത്തിൽ സ്ത്രീയുടെയും പുരുഷന്റെയും ധർമങ്ങൾ വ്യത്യസ്തവും അതേസമയം, പരസ്പരം പൂരകവുമാണെന്ന വസ്തുതയും അവർ കാണാൻ കൂട്ടാക്കുന്നില്ല. സംഘട്ടനത്തിലൂടെ പുരോഗതിയെന്ന മാർക്സിസ്റ്റ് വൈരുധ്യാത്മകതയുടെ ആദർശത്തിനെതിരാണല്ലോ സ്ത്രീ - പുരുഷ പാരസ്പര്യമെന്ന ആശയം. സ്ത്രീയെ പുരുഷനെപ്പോലെ ജോലിചെയ്യുന്നവളാക്കുന്നതും രണ്ടുപേരുടെയും ഇഷ്ടങ്ങൾക്കനുസരിച്ച് ഇണകൾ മാറിവരണമെന്ന് സിദ്ധാന്തിക്കുന്നതും ഈയൊരു കാഴ്ചപ്പാടിന്റെ പരിമിതികൊണ്ടാണ്.

പ്രകൃത്യാതന്നെയുള്ള സ്ത്രീ - പുരുഷ വ്യത്യാസമോ വികാരങ്ങളിലൂടെയുള്ള വ്യതിരിക്തതയോ പരിഗണിക്കാൻ മാർക്സിസത്തിന് കഴിയുന്നില്ല. തൊഴിലിന്റെ അടിസ്ഥാനത്തിലാണ് അത് സ്ത്രീയെ അളക്കുന്നത്. അവളിലെ അമ്മയെ കാണാൻ അത് കൂട്ടാക്കുന്നേയില്ല. അവളുടെ അബലതകളെയും പ്രയാസങ്ങളെയും അത് പരിഗണിക്കുന്നില്ല. അവൾക്ക് താങ്ങായി വർത്തിക്കേണ്ടവനാണ് പുരുഷനെന്ന വസ്തുത അതിന് ഉൾക്കൊള്ളാനാവുന്നില്ല. 

ചുരുക്കത്തിൽ സ്ത്രീയുടെ പേശിബലത്തിന്റെ അടിസ്ഥാനത്തിലാണ് മാർക്സിസം അവളെ അളക്കുന്നത്. അതിന് കാരണമുണ്ട്. രണ്ട് പുരുഷന്മാരുടെ മസ്തിഷ്‌കത്തിൽനിന്ന് ഉൾക്കൊണ്ട ദര്ശനമാണല്ലോ അത്. (മാർക്സിന്റെ ഭാര്യ ജെന്നിയുടെയോ വെപ്പാട്ടി ഹെലെനയുടെയോ സ്വാധീനം അൽപ്പം പോലും മാർക്സിസ്റ്റ് ദർശനത്തിന്റെ രൂപീകരണത്തിലുണ്ടായിട്ടില്ല ). അവരാണെങ്കിൽ ഉത്പാദനബന്ധങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ലോകത്തെ എല്ലാ കാര്യങ്ങളെയും നോക്കിക്കണ്ടവരുമാണ്. അതുകൊണ്ടുതന്നെ സ്ത്രീയെക്കുറിച്ച മാർക്സിസ്റ്റ് വീക്ഷണത്തിന് പാട്ടൊൻപതാം നൂറ്റാണ്ടിലെ ആൺകോയ്മാ വ്യവസ്ഥയുടെ ചുവയുണ്ടെന്നതാണ് വാസ്തവം. പെണ്ണിന്റെ മാത്രം പ്രത്യേകതകളെ കാണാൻ അത് തീരെ കൂട്ടാക്കുന്നില്ല.

ഇസ്‌ലാമാകട്ടെ സ്ത്രീയെക്കുറിച്ച് പറയുമ്പോൾ അവളുടെ മാതൃത്വത്തെയാണ് ആദ്യമായി പരിഗണിക്കുന്നത്. 'മാതാക്കളുടെ പാദങ്ങൾക്കടിയിലാണ് സ്വർഗം' എന്നാണ് പ്രവാചകൻ (സ) പഠിപ്പിച്ചത്. അവളുമായി നല്ലനിലയിൽ വർത്തിക്കണമെന്നാണ് പുരുഷനോടുള്ള അദ്ദേഹത്തിന്റെ ഉപദേശം. 'നിങ്ങളിൽ ഏറ്റവും ഉത്തമൻ നിങ്ങളുടെ ഭാര്യമാർക്ക് പ്രിയങ്കരനാകുന്നു'. 'സ്ത്രീകളോട് നല്ലനിലയിൽ വർത്തിക്കണമെന്ന എന്റെ ഉപദേശം നിങ്ങൾ സ്വീകരിക്കുക'. സ്ത്രീകളുടെ മഹത്വമളക്കേണ്ടത് അവളുടെ പേശീബലം നോക്കിയിട്ടല്ല. അവളുടെ പെരുമാറ്റ രീതിയുടെ അടിസ്ഥാനത്തിലാണെന്നാണ് മുഹമ്മദ് (സ) ന്റെ ഉൽബോധനം. 'മനുഷ്യന്റെ ഏറ്റവും മികച്ച വിഭവമാണ് സദ്‌വൃത്തയായ സ്ത്രീ'യെന്ന് അദ്ദേഹം പറയുകയുണ്ടായി. കുടുംബത്തിന്റെ നായികയും സമൂഹത്തിന്റെ മാതാവുമാണ് സ്ത്രീ. അവൾക്ക് താങ്ങും തണലുമായിത്തീരുകയാണ് പുരുഷൻ വേണ്ടത്. അവളുടെ അബലതകളെ അറിയുകയും അവളുടെ താങ്ങായിത്തീരാൻ പുരുഷനെ സജ്ജമാക്കുകയും ചെയ്യുന്നവയാണ് ഖുർആനിലെ നിയമങ്ങൾ. 'സ്ത്രീകള്‍ക്ക് ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങളുമുണ്ട് ' (2:228) എന്ന ഖുർആനിക പ്രസ്താവന ഇക്കാര്യങ്ങളെല്ലാം ദ്യോതിപ്പിക്കുന്നതാണ്. പ്രസ്തുത പ്രസ്താവനയാണ് ഇസ്‌ലാമിലെ കുടുംബ നിയമങ്ങളുടെയെല്ലാം അടിസ്ഥാനം.





 കടപ്പാട്: ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

Comments

Popular posts from this blog

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

മറ്റു മതഗ്രന്ഥങ്ങളിലും ശിക്ഷാനിയമങ്ങൾ വിശദീകരിക്കുന്നുണ്ടല്ലോ. അവയിൽ നിന്ന് വ്യത്യസ്തമായി എന്ത് സവിശേഷതയാണ് ഖുർആനിലെ ശിക്ഷാനിയമങ്ങൾക്കുള്ളത്?