ആധുനിക ജനാധിപത്യത്തിന് കീഴിലുള്ള സ്ത്രീപുരുഷ സമത്വമല്ലേ ഖുർആനിക വീക്ഷണത്തേക്കാൾ കരണീയമായിട്ടുള്ളത് ?

മനുഷ്യരക്ഷയ്ക്കുതകുന്ന ശാശ്വതമൂല്യങ്ങൾ നൽകുവാൻ ജനാധിപത്യം ശക്തമാണോ ? ഭൂരിപക്ഷത്തിന്റെ ആധിപത്യമാണ് പ്രായോഗികതലത്തിൽ ജനാധിപത്യം എന്നതാണ് വസ്തുത. ഒരു സമൂഹത്തിലെ ഭൂരിപക്ഷത്തിന് ജനജീവിതത്തിൽ  നിയമങ്ങളാവിഷ്‌ക്കരിക്കാൻ കഴിയുമോ ? വിവാഹത്തിന് മുമ്പുതന്നെ യുവതീയുവാക്കൾ അടുത്തറിയുകയും അടുത്തിടപഴകുകയും അടുത്തുറങ്ങുകയും ചെയ്യുന്ന ഡേറ്റിംഗ് (dating) സമ്പ്രദായം യൂറോപ്പിലെയും അമേരിക്കയിലെയും അധികജനങ്ങളും അംഗീകരിക്കുന്നു. പ്രസ്തുത അംഗീകാരത്തിന്റെ അതിരുകവിച്ചിലാണല്ലോ ആ സമൂഹത്തെ എയ്ഡ്സ് പോലെയുള്ള മാരകരോഗങ്ങൾക്കും ഒട്ടനവധി മാനസിക പ്രശ്നങ്ങൾക്കും അടിമകളാക്കിയത്. പാശ്ചാത്യമൂല്യങ്ങൾ പിന്തുടർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയെപ്പോലെയുള്ള മൂന്നാം ലോകരാഷ്ട്രങ്ങളിൽ വളർന്നുവന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെയും ലൈംഗികരോഗങ്ങളുടെയും കാരണം സാന്മാർഗിക ദർശനത്തിന് ജനാധിപത്യത്തെ ആശ്രയിച്ചതാണെന്നുള്ളതാണ് വാസ്തവം. മനുഷ്യർ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കേണ്ടത് മനുഷ്യനെ സൃഷ്ട്ടിച്ച ദൈവം തന്നെയാണെന്നുള്ള വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്.

ആധുനിക ജനാധിപത്യമെന്ന് പറഞ്ഞാൽ എന്താണ്? മുതലാളിത്തത്തിന് (capitalism)- കൊടുത്ത ഒരു പുതിയ പേരല്ലാതെ മറ്റൊന്നുമല്ല അത്. മുതലാളിത്ത ലോകത്ത് സ്ത്രീയും പുരുഷനും തുല്യമല്ലേ ? ഓഫീസുകളിലെ സ്ത്രീ - പുരുഷ അനുപാതം മാത്രം നോക്കിക്കൊണ്ട് മറുപടി പറയുന്നവർക്ക് 'അതെ'യെന്ന് ഉത്തരം പറയാനായേക്കും. പക്ഷെ, സ്ത്രീയിൽ നിന്ന് പ്രകൃതി ആവശ്യപ്പെടുന്ന കാര്യങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് മുതലാളിത്തം അവളെ തടഞ്ഞ് നിർത്തുന്നുവെന്ന വസ്തുത കാണാൻ അവർ കൂട്ടാക്കുന്നില്ല. പുരുഷനോടൊപ്പം പണിയെടുക്കുവാനും ശമ്പളം വാങ്ങുവാനും അങ്ങാടിയിലിറങ്ങി നടക്കുവാനും ആധുനിക ജനാധിപത്യത്തിന് സ്ത്രീയോട് പറയാൻ കഴിയും. എന്നാൽ സ്ത്രീയെപ്പോലെ ഗർഭം ധരിക്കുവാനും പ്രസവിക്കുവാനും മുലയൂട്ടുവാനും പുരുഷനോട് പറയുവാൻ ആർക്കാണ് കഴിയുക ? തന്തയും തള്ളയുമില്ലാത്ത കുഞ്ഞുങ്ങൾക്ക് 'ബേബിഫുഡു'കൾ നൽകാൻ ഉപഭോഗ സംസ്ക്കാരത്തിനാകുമായിരിക്കും. മാതാവിന്റെ ലാളനയും പിതാവിന്റെ സംരക്ഷണവും കൊതിക്കുന്ന കുരുന്നു മനസ്സുകളെ സംതൃപ്തമാക്കാൻ ഏത് ടെലിവിഷൻ പരസ്യത്തിനാണ് സാധിക്കുക?.

സ്ത്രീ - പുരുഷ സമത്വം ഒരു മിഥ്യയാണ് ; ആധുനിക ജനാധിപത്യം മീഡിയ ഉപയോഗിച്ച് മനുഷ്യമനസ്സുകളിൽ സന്നിവേശിപ്പിച്ച ഒരു മിഥ്യ. സ്ത്രീക്ക് പുരുഷനെപ്പോലെയാകാൻ കഴിയില്ല. പുരുഷന് സ്ത്രീയെപ്പോലെയും. പുരുഷനെപ്പോലെയാകണമെന്ന് പെണ്ണിനെ പഠിപ്പിക്കുന്ന പാശ്ചാത്യ ജനാധിപത്യം സ്ത്രീജീവിതം ദുസ്സഹമാക്കുകയാണ് ചെയ്യുന്നത്. അതിലൂടെ കുടുംബത്തെ അത് തകർക്കുന്നു; സമൂഹത്തിന്റെ ധാർമിക നിലവാരത്തെയും.

 മുതലാളിത്തം ലോകത്തെ എന്തിനെയും കാണുന്നത് ഉപഭോഗവസ്തുവായിട്ടാണ്. സ്ത്രീയും പുരുഷനുമൊന്നും അതിൽ നിന്ന് വ്യത്യസ്തരല്ല. അവരുടെ വികാരങ്ങളോ പ്രശ്നങ്ങളോ അതിനു പ്രശ്നമല്ല. അങ്ങാടികളിലേക്കാണ് അത് നോക്കുന്നത്. അവിടുത്തെ ക്രയവിക്രയങ്ങൾ സ്‌നിഗ്‌ദ്ധമാക്കുന്ന വസ്തുക്കളെക്കുറിച്ച മാത്രമേ അത് ചിന്തിക്കുന്നുള്ളൂ. പെണ്ണിന് മുതലാളിത്തത്തിലുള്ള സ്ഥാനമിതാണ്. അവൾ മോഡലാണ്, കാൾഗേൾ ആണ്, സ്റ്റെനോ ആണ്, സെക്രട്ടറി ആണ്, നർത്തകിയാണ്, നായികയാണ്, പക്ഷെ, അവളൊരിക്കലും അമ്മയാകാൻ മുതലാളിത്തം സമ്മതിക്കില്ല. അമ്മയാകുമ്പോൾ അവളുടെ അങ്ങാടി നിലവാരം (market value) നഷ്ട്ടപ്പെടുമല്ലോ! പിന്നെയവൾ വൃദ്ധയായി, വൃദ്ധസദനത്തിലെ അന്തേവാസിയായി ദിവസങ്ങൾ എണ്ണിക്കഴിയാൻ വിധിക്കപ്പെട്ടവൾ.

ഖുർആൻ ഒരു പ്രായോഗിക ധാർമിക വ്യവസ്ഥിതിയാണ് അവതരിപ്പിക്കുന്നത്. മനുഷ്യപ്രകൃതിയുമായി സദാ സമരസപ്പെട്ടുപോകുന്ന ഒരു പ്രായോഗിക വ്യവസ്ഥിതി. തുടുത്ത കവിളും ചുളിയാത്ത തൊലിയുമുള്ളവൾ മാത്രമല്ല അതിന്റെ വീക്ഷണത്തിൽ മനുഷ്യൻ. ഗർഭസ്ഥ ശിശുവിനെ മുതൽ കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്നവരെ (?) വരെ അത് പരിഗണിക്കുന്നു. ശവശരീരത്തോട് പോലും അനീതി ചെയ്യാൻ പാടില്ലെന്നതാണ് അതിന്റെ നിർദേശം.

മുതലാളിത്തത്തിന്റെ ഉപഭോഗക്ഷമതാവാദവുമായി (utilitarianism)- ഖുർആൻ പൊരുത്തപ്പെടുന്നില്ല. സ്ത്രീയെക്കുറിച്ച ഖുർആനിക വീക്ഷണം ആധുനിക ജനാധിപത്യത്തിന്റെ കാഴ്ചപ്പാടുമായി അന്തരം പുലർത്തുന്ന പ്രധാനപ്പെട്ട ബിന്ദു ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഖുർആൻ സ്ത്രീയെ ഒരു സാമ്പത്തിക സ്രോതസ്സായി കാണുന്നേയില്ല. അവളെ ഒരു കച്ചവടവസ്തുവായി വീക്ഷിക്കുവാനും അത് സന്നദ്ധമാവുന്നില്ല; അവൾ മനുഷ്യാത്മാവിന്റെ പാതിയാണ്; സമൂഹത്തിന്റെ മാതാവും. അവളുടെ മാതൃത്വമാണ് ഇസ്‌ലാം പ്രഥമമായി പരിഗണിക്കുന്നത്. സമൂഹത്തിൽ നിലനിൽക്കേണ്ട ധാർമികതയുടെ അടിസ്ഥാന സ്ഥാപനമായ കുടുംബത്തിന്റെ കെട്ടുറപ്പ് സ്ഥിതി ചെയ്യുന്നത് മാതാവിന്റെ മടിത്തട്ടിലാണെന്ന് അത് മനസ്സിലാക്കുന്നു. മാതാവാകുന്ന സ്ത്രീയുടെ പ്രയാസങ്ങളെയും പരിമിതികളെയും കുറിച്ച് ഖുർആൻ ഇറക്കിയിരിക്കുന്ന പടച്ചവനറിയാം. അവ ഖുർആൻ പരിഗണിക്കുന്നു. കന്യകാത്വത്തിനാണ് -കപടകന്യകാത്വ!- അങ്ങാടി നിലവാരം കൂടുതലുള്ളതെന്നാണ് മുതലാളിത്തത്തിന്റെ കാഴ്ചപ്പാട്. ഇസ്‌ലാമിന്റെയും മുതലാളിത്തത്തിന്റെയും മൂല്യ സങ്കൽപ്പങ്ങളുടെ അടിസ്ഥാന വ്യത്യാസവും ഇതുതന്നെയാണ്.



 കടപ്പാട്: ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

Comments

Popular posts from this blog

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

മറ്റു മതഗ്രന്ഥങ്ങളിലും ശിക്ഷാനിയമങ്ങൾ വിശദീകരിക്കുന്നുണ്ടല്ലോ. അവയിൽ നിന്ന് വ്യത്യസ്തമായി എന്ത് സവിശേഷതയാണ് ഖുർആനിലെ ശിക്ഷാനിയമങ്ങൾക്കുള്ളത്?